പട്‌ന: ബിഹാറിലെ നളന്ദ ജില്ലയിലുള്ള പർസ മിഡിൽ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം സോപ്പ് പൊടി ചേർത്തതിനെ തുടർന്ന് 34 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ചൊവ്വാഴ്ച സ്‌കൂളിൽ നൽകിയ ഉച്ചഭക്ഷണം കഴിച്ച ഉടൻ കുട്ടികൾക്ക് തൊണ്ടയിൽ പുകച്ചിലും കടുത്ത വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളെ ഉടൻ തന്നെ ബിഹാർഷരീഫിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ബീഹാർഷരീഫ് സദർ ആശുപത്രി അധികൃതർ അറിയിച്ചു.
ചോറും ഉരുളക്കിഴങ്ങ്-സോയാബീൻ കറിയുമാണ് ഉച്ചഭക്ഷണത്തിന് നൽകിയിരുന്നതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രീതി കുമാരി എന്ന വിദ്യാർഥിനി പറഞ്ഞു. ഭക്ഷണം കഴിച്ചപ്പോൾ സോപ്പ് പൊടിയുടെ മണം അനുഭവപ്പെട്ടതായും, ഉപ്പിന് പകരം ഡിറ്റർജന്റ് ചേർത്തുണ്ടാക്കിയ ഭക്ഷണം കഴിച്ചതോടെ പല കുട്ടികളും തലകറങ്ങി വീഴുകയും ഛർദിക്കുകയും ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു.
പാചകക്കാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണ് സംഭവത്തിന് കാരണമായതെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ ശൈലേന്ദ്ര കുമാർ സിങ് പറഞ്ഞു. എന്നാൽ, ഭക്ഷണത്തിൽ സോപ്പ് പൊടി കലർന്നെന്ന വാദം നളന്ദ ഡിസ്ട്രിക്റ്റ് എജ്യൂക്കേഷൻ ഓഫീസർ ഹേമചന്ദ്ര നിഷേധിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.
സംഭവമറിഞ്ഞ് ഗ്രാമവികസന മന്ത്രിയും പ്രാദേശിക എംഎൽഎയുമായ ശ്രാവൺ കുമാർ ആശുപത്രി സന്ദർശിച്ച് കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ യാതൊരുവിധ വീഴ്ചയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും ഉച്ചഭക്ഷണ വിതരണം പരിശോധിക്കാനും പാചകക്കാർക്ക് ശുചിത്വ പരിശീലനം നൽകാനും മന്ത്രി നിർദേശം നൽകി.
%20(1).jpg)
0 Comments