താമരശ്ശേരി: പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഫ്രഷ്കട്ട് സ്ഥാപനം താൽക്കാലികമായി അടച്ചിടും. സമര സമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അന്തിമ തീരുമാനമാകുന്നത് വരെയാണ് കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കുന്നത്.
അടുത്ത ദിവസം എംഎൽഎമാരായ പി.കെ ഫിറോസ്, സി.കെ കാസിം എന്നിവർ ഫ്രഷ്കട്ട് പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യും. സമരസമിതി അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ സ്ഥാപനം താമരശ്ശേരിയിൽ നിന്ന് പൂർണ്ണമായും മാറ്റി സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം.
എംഎൽഎമാരുമായി നടക്കുന്ന ചർച്ചയിൽ കമ്പനി പ്രതിനിധികൾ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. സമരസമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് അനുകൂല തീരുമാനമുണ്ടായാൽ കമ്പനിക്ക് മാറുന്നതിനായി സമയം അനുവദിക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി തയ്യാറായില്ലെങ്കിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സമരം കൂടുതൽ ശക്തമായി തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
നേരത്തെ, സ്ഥാപനം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടിയിരുന്നു. ഈ മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഫ്രഷ് കട്ടിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പെടുത്തിയ അടച്ച് പൂട്ടല്‍ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തത്. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ ഭാഗം കോടതി ഉത്തരവിലും പരാമര്‍ശിക്കുന്നുണ്ട്. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍വിയോണ്‍മെന്റ് എഞ്ചിനിയര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് മാത്രമാണ് ഔദേഗികമായി ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നത്.

0 Comments