കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും ഭരണപരമായ മികവുകളെയും പ്രശംസിച്ച് നടൻ ടിനി ടോം. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ള പ്രവാസികളായ മലയാളികളുമായി സംസാരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കാരണം അവരുടെ ജീവിതത്തിലും സമീപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ പറയാറുണ്ട്. ആ അർഥത്തിൽ ഭരണാധികാരി എന്ന നിലയിൽ മോദിജി നമുക്ക് അഭിമാനമാണ്- ടിനി ടോം പറഞ്ഞു.
അതേസമയം താൻ രാഹുൽ ഗാന്ധിയുടെ ഫോളവറാണെന്നും ടിനി വ്യക്തമാക്കി. തന്റേത് കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണെന്നും എന്നാൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ മടി കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടി ചെയ്യുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് അടുത്ത സുഹൃത്തുക്കളുണ്ടെന്നും ടിനി കൂട്ടിച്ചേർത്തു. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തെയും അദ്ദേഹം അഭിമുഖത്തിൽ എടുത്തുപറഞ്ഞു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്റെ സുഹൃത്തിന്റെ ബന്ധുവിന് 100 ദിവസത്തോളം തുടർച്ചയായി ഭക്ഷണം നൽകി സഹായിച്ചത് ഒരു ഡിവൈഎഫ്‌ഐ ആണെന്നും അത്തരം നല്ല മാതൃകകളെ പ്രശംസിക്കാൻ മടിയില്ലെന്നും താരം വ്യക്തമാക്കി.

0 Comments