യാഷ്, ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ടോക്സിക് ചിത്രത്തിന് പിന്തുണയുമായി കന്നഡ താരം കിച്ച സുദീപ്. എക്സ് പോസ്റ്റിലൂടെയാണ് താരം പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. തന്റെ മുൻ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പതിവ് രീതിയിലുള്ള സൂപ്പർ ഹിറ്റ് ചിത്രത്തിന് പിന്നാലെ പോകാതെ, യാഷ് വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്തുവെന്നാണ് പോസ്റ്റിൽ അദ്ദേഹം പറയുന്നത്.
"യാഷേ, ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പതിവു പോലെയുള്ള വിജയഫോർമുലാ ചിത്രങ്ങൾ ചെയ്യാതെ, തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ടോക്സിക്കിലൂടെ നിങ്ങൾ നടത്തിയിരിക്കുന്നത്. ഇതിനായി ആത്മവിശ്വാസവും, ധൈര്യവും ആവശ്യമാണ്. ടോക്സിക് അഭിനന്ദനം അർഹിക്കുന്ന ശ്രമമാണ്. വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെക്കുന്ന നിരവധി ഭാഗങ്ങൾ ഈ ചിത്രത്തിലുണ്ട്. യാഥാസ്ഥിതിക വഴികളിൽ നിന്ന് മാറി നടക്കാനും പരീക്ഷണങ്ങൾ നടത്താനും കാണിച്ച ധൈര്യത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നും സുദീപ് പോസ്റ്റിൽ പറയുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്'. ചിത്രത്തിൽ യാഷ് ഇരട്ടവേഷങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുഗ്മിണി വസന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽഎൽപിയുടെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് 26നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

0 Comments