ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല -നിര്‍മല സീതാരാമന്‍

 



മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ കോളേജുകളും സര്‍വകലാശാലകളും വിദ്യാര്‍ഥികളെ തൊഴില്‍ വിപണിക്ക് ആവശ്യമായ രീതിയില്‍ തയ്യാറാക്കുന്നില്ലെന്നും, നിലവിലെ സംവിധാനം പ്രധാനമായും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യുവാക്കളെയാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പരാമര്‍ശം.

ഒരു വിദ്യാര്‍ഥിക്ക് സാമ്പത്തിക ശാസ്ത്രമോ പൊളിറ്റിക്കല്‍ സയന്‍സോ പോലുള്ള വിഷയങ്ങളില്‍ ബിരുദം നേടിയ ശേഷം അതുമായി ബന്ധപ്പെട്ട് തൊഴില്‍ നേടാന്‍ ആവശ്യമായ പ്രായോഗിക കഴിവുകള്‍ ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും സീതാരാമന്‍ ഉന്നയിച്ചു.

യുവാക്കള്‍ക്കിടയിലെ തൊഴിലിനെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 16നും 26നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ വിവിധ വിഷയങ്ങളില്‍ ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. ജോലി, വിദ്യാഭ്യാസം, ഭാവി തുടങ്ങിയ വിഷയങ്ങളിലെ അനിശ്ചിതത്വവും യുവാക്കളുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്നും സീതാരാമന്‍ വിലയിരുത്തി.

ഇതിനൊപ്പം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളില്‍ യുവാക്കള്‍ക്ക് പ്രാവീണ്യം നേടേണ്ടതിന്റെ ആവശ്യകതയും സീതാരാമന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എഐ പഠിക്കുന്നതിനൊപ്പം അത് എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കുന്നതും പ്രധാനമാണെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും സീതാരാമന്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സ്വകാര്യ മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും, എന്നാല്‍ കമ്പനികള്‍ നിക്ഷേപം നടത്തണമെങ്കില്‍ അതിന് വ്യക്തമായ സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.

ജന്ദര്‍മന്ദിറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിലും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ജന്ദര്‍ മന്ദിറില്‍ സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് ശേഷം ഇത് അങ്ങനെ കൈകാര്യം ചെയ്താല്‍ മതിയായിരുന്നുവെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Post a Comment

0 Comments