മെസ്സിയുടെ പേരില്‍ തട്ടിപ്പ്: മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത



തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ജിഎസ്ടി വകുപ്പ് പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് ജിഎസ്ടി കമീഷണർ ചാർജ് മെമ്മോ നൽകി.

അച്ചടക്കനടപടി കൈക്കൊള്ളുമുമ്പ് അവരുടെ ഭാഗം വിശദീകരിക്കാനാണ് നിർദേശം. കോഴിക്കോട് ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമീഷണർ ശ്രീവത്സല, കാസർകോട് ഡെപ്യൂട്ടി കമീഷണർ വി.സചിത്, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.എസ്.സജിനി എന്നിവർക്കാണ് മെമ്മോ നൽകിയത്. സൗഹൃദ ഫുട്ബോൾ മത്സരത്തിൻ്റെ പേരിൽ നികുതി വെട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും നോട്ടീസ് അയച്ച് കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താതെ നികുതി ഈടാക്കാൻ നടപടിയെടുത്തില്ല. നികുതി വെട്ടിപ്പ് കണ്ടെത്തുകയും ഇക്കാര്യം കാസര്‍കോട് ഡെപ്യൂട്ടി കമീഷണറെ 2025 ഓഗസ്റ്റ് ഒന്നിന് കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ പി.വി. രത്നാകരൻ കത്ത് മുഖേന അറിയിച്ചിരുന്നു.

ഇതാണ് വലിയ നികുതി വെട്ടിപ്പിനെതിരെ നീങ്ങാൻ ജിഎസ്ടി വകുപ്പിനെ പ്രേരിപ്പിച്ചത്. എന്നാൽ, സ്പോൺസർ കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ജിഎസ്.ടി വകുപ്പ് നോട്ടീസ് അയച്ചതോടെ രണ്ട് മന്ത്രിമാരുടെ ഓഫീസിൽ നിന്ന് ഇടപെടലുണ്ടായി. പിന്നാലെ അന്വേഷണം മരവിപ്പിച്ചു.

നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് അഭിനന്ദിക്കേണ്ടതിന് പകരം പ്രതികാര നടപടിയെന്ന നിലയിൽ രത്നാകരനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. സസ്പെൻഡ് ചെയ്യാനും നീക്കമുണ്ടായി. നികുതി വെട്ടിപ്പ്, വെട്ടിപ്പുകാരെ സംരക്ഷിക്കൽ, രാഷ്ട്രീയ സ്വാധീനം ചെലുത്തൽ തുടങ്ങിയവക്ക് ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമുഖരെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് എസ്.ഐ.ടി നീക്കം. എന്നാൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത് ഒഴിവാക്കാൻ ഭരണ-പ്രതിപക്ഷ അനുകൂല സർവീസ് സംഘടനകളിലെ ചിലരും രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. സമ്മർദങ്ങൾക്കു വിധേയരാകാതെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. അതിൻ്റെ ഭാഗമായുള്ള മൊഴിയെടുപ്പ് തുടരുകയാണ്.

Post a Comment

0 Comments