പല്ലുതേക്കാൻ ഇനി ചിലവേറും; ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കോൾഗേറ്റ്




 മുംബൈ: പശ്ചിമേഷ്യയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ യുദ്ധത്തിന്‍റെ അലയൊലികൾ ലോകത്തെയാകമാനം തൊട്ടുതലോടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. അടുക്കളകളിലെ പച്ചക്കറികൾ മുതൽ വാഹനങ്ങളിലെ ഇന്ധനങ്ങളെ വരെ ബാധിച്ചിരിക്കുന്നു യുദ്ധം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നമ്മുടെ രാജ്യത്തെ ജനങ്ങളും. ഇപ്പോഴിതാ, വിലക്കയറ്റത്തിന്‍റെ ഞെരുക്കത്തിനിടയിൽ സാധാരണക്കാരന് വീണ്ടും ഇരുട്ടടിയായിക്കൊണ്ട് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുകയാണ് കോൾഗേറ്റ്-പാമോലീവ് ഇന്ത്യ.

പശ്ചിമേഷ്യൻ യുദ്ധം കാരണം വിവിധ മേഖലകളിലുണ്ടായ പണപ്പെരുപ്പം ലാഭവിഹിതത്തെ ബാധിക്കാതിരിക്കാൻ വരുന്ന മാസങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വീണ്ടും കൂട്ടിയേക്കുമെന്ന സൂചനയാണ് കമ്പനി നൽകിയിരിക്കുന്നത്. പണപ്പെരുപ്പം വലിയ രീതിയിൽ പ്രശ്നമാകുന്നുണ്ടെന്നും ഇത് മറികടക്കാനാണ് നീക്കമെന്നും എഫ്എംസിജി കമ്പനിയായ കോൾഗേറ്റ് വ്യക്തമാക്കി. അതേസമയം, ജിഎസ്ടി കുറച്ചതിന്‍റെ ആനുകൂല്യം ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി കഴിഞ്ഞ വർഷം ചെറിയ പാക്കറ്റുകളിൽ ഉൽപ്പന്നത്തിന്‍റെ അളവ് കൂട്ടി നൽകിയിരുന്നു. ഇത് വഴി ഏറ്റവും പാവപ്പെട്ട ഉപഭോക്താക്കളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഇങ്ങനെ കൂട്ടി നൽകിയ അളവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പത്ത് രൂപയുടെയും ഇരുപത് രൂപയുടേയും പാക്കറ്റുകൾ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇപ്പോഴും ലാഭകരം തന്നെയാണ്. കമ്പനിയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായ പ്രഭ നരസിംഹൻ പറഞ്ഞു. കോൾഗേറ്റ്-പാമോലീവ് വർഷംതോറും നടത്താറുള്ള ഇൻവെസ്റ്റർ ഡേ കോളിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും മതിയായ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. അടുത്ത കാലത്തായി കമ്പനി ഉൽപ്പന്നങ്ങളുടെ വിലയിൽ ചെറിയ തോതിൽ വില വർധനവ് രേഖപ്പെടുത്തിയിരുന്നു.ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പെപ്സോഡെന്റ്, ക്ലോസപ്പ്, ഹാലിയോണിന്റെ സെൻസോഡൈൻ, തദ്ദേശീയ ബ്രാൻഡായ പതഞ്ജലി എന്നിവയോട് മത്സരിക്കുന്ന കോൾഗേറ്റ്, വിൽപ്പന വർധിപ്പിക്കുന്നതിനായി 'പ്രീമിയമൈസേഷൻ' ഇരട്ടിയാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലാഭത്തേക്കാൾ കമ്പനിയുടെ വളർച്ചയ്ക്കാണ് മുൻഗണന നൽകുന്നത്. പ്രീമിയം ബിസിനസ്സ് മേഖലയിലെ വളർച്ച വിപണി ശരാശരിയേക്കാൾ ആറിരട്ടിയാണെന്നും പ്രഭാ നരസിംഹൻ വ്യക്തമാക്കുകയുണ്ടായി.

വിൽപ്പനയുടെ അളവ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജനപ്രിയ ബ്രാൻഡുകളുടെ പാക്കേജിങ്ങിലും പ്രൊഡക്റ്റ് എക്സ്പീരിയൻസിലും കൂടുതൽ മാറ്റങ്ങൾ വരുത്തിയേക്കും. ഉൽപ്പന്നങ്ങളുടെ ലഭ്യത വർധിച്ചതും, ആളുകളുടെ സാമ്പത്തിക ശേഷി ഉയർന്നതും, വായയുടെ ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ഗ്രാമീണ മേഖലകളിൽ വിൽപ്പന കൂട്ടാൻ സഹായിക്കുന്നുണ്ടെന്നും നരസിംഹൻ പറഞ്ഞു. അതേസമയം, മൺസൂൺ മഴയിലുണ്ടായ കുറവ് ഗ്രാമീണ വിപണിയെ എങ്ങനെ ബാധിച്ചേക്കുമെന്ന കാര്യത്തിൽ കമ്പനി പരസ്യപ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Post a Comment

0 Comments