വരവ് 1,162 കോടി, ചെലവാക്കിയത് വെറും 16 കോടി; പിഎം കെയേഴ്സ് ഫണ്ട് കണക്കുകൾ പുറത്ത്




 ന്യൂഡൽഹി: കോവിഡ് സമയത്ത് തുടങ്ങിയ പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2023 മുതൽ 2025 വരെയുള്ള രണ്ട് സാമ്പത്തിക വർഷത്തെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയെങ്കിലും, അതിൽ നിന്ന് വളരെ ചെറിയൊരു തുക മാത്രമേ ജനങ്ങൾക്കായി ചെലവാക്കിയിട്ടുള്ളൂ എന്നാണ് ഈ ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ സംഭാവനയായും ബാങ്ക് പലിശയായും ഫണ്ടിലേക്ക് ആകെ എത്തിയത് 1,279 കോടി രൂപയാണ്. എന്നാൽ ഇതിൽ നിന്ന് വെറും 87 ലക്ഷം രൂപ (വന്ന തുകയുടെ 0.1 ശതമാനം മാത്രം) മാത്രമാണ് സർക്കാർ ചെലവാക്കിയത്.

കഴിഞ്ഞ രണ്ട് വർഷത്തെ (2023-25) കണക്കെടുത്താൽ, 1,162 കോടി രൂപ ഫണ്ടിലേക്ക് വന്നപ്പോൾ അതിൽ നിന്ന് ആകെ ഉപയോഗിച്ചത് വെറും 16 കോടി രൂപയാണ്. ചുരുക്കത്തിൽ, ഫണ്ട് തുടങ്ങിയ 2020 മാർച്ച് മുതൽ ഇതുവരെ കിട്ടിയ ആകെ തുകയുടെ അഞ്ചിലൊന്ന് (18.7%) പോലും സർക്കാർ ഇതുവരെ ജനക്ഷേമത്തിനായി ചെലവഴിച്ചിട്ടില്ല. വരുന്ന പണം അതേപടി ഉപയോഗിക്കാത്തത് കാരണം ഫണ്ടിൽ വലിയൊരു തുക വെറുതെ കിടക്കുകയാണ്. പുതിയ കണക്കുകൾ പ്രകാരം 8,452 കോടി രൂപയാണ് ഇപ്പോൾ ഫണ്ടിൽ ബാക്കിയുള്ളത്. മുൻ വർഷത്തെക്കാൾ ഫണ്ടിലെ പണത്തിൽ 17.8 ശതമാനം വർധനവുണ്ടായിട്ടുണ്ട്.


അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾ ഫണ്ടിലേക്ക് നൽകുന്ന സംഭാവനകളിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് നിന്നുള്ള സംഭാവനകളിൽ 30 ശതമാനത്തിന്റെയും (479 കോടി രൂപ), വിദേശത്ത് നിന്നുള്ള സംഭാവനകളിൽ 18 ശതമാനത്തിന്റെയും (92 ലക്ഷം രൂപ) കുറവുണ്ടായി. എങ്കിലും, ബാങ്കിൽ കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ പലിശ ഫണ്ടിലേക്ക് എത്തുന്നതാണ് മൊത്തം തുക വർധിക്കാൻ കാരണം.

ഇത്രയും വലിയ തുക ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കുന്നതിനെതിരെ വിവരാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഫണ്ടിൽ നിന്ന് പണം കൈപ്പറ്റിയ ചില ഏജൻസികൾ 324 കോടി രൂപ തിരികെ നൽകിയിട്ടുണ്ട്. എന്നാൽ എന്തിനാണ് ഈ പണം തിരികെ നൽകിയതെന്നോ ഏത് ഏജൻസിയാണ് നൽകിയതെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ഉപകരണങ്ങളുടെ തകരാറ് കൊണ്ടാണോ പണം തിരികെ ലഭിച്ചതെന്ന ചോദ്യം വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജ് ഉന്നയിക്കുന്നുണ്ട്.

പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെയോ സർക്കാർ ഓഡിറ്റിങ്ങിന്റെയോ പരിധിയിൽ വരുന്നില്ല. അതുകൊണ്ട് തന്നെ ഇതിന്റെ സുതാര്യതയെക്കുറിച്ച് നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കണക്കുകൾ പുറത്തുവന്നതോടെ ഇതിലെ ദുരൂഹതകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

Post a Comment

0 Comments