'മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍' വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം: രാഹുല്‍ ഗാന്ധി

 



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ മവലങ്കാര്‍ ഹാളില്‍ നടന്ന 'രചനാത്മക് കോണ്‍ഗ്രസ്' ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകനേതാക്കളെ കെട്ടിപിടിക്കുന്നത് കൊണ്ട് മാത്രം രാജ്യത്തിന്റെ വിദേശനയവും നിലപാടും ശരിയാകില്ല. ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയെ പരിഹസിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. വേദിയില്‍ ഉണ്ടായിരുന്ന ഒരാളെ കെട്ടിപ്പിടിച്ച് മോദിയെ രാഹുല്‍ അനുകരിക്കുകയും ചെയ്തു. വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണ് വിദേശനയം എന്ന ചിന്ത അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ പോയി മറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാണക്യന്‍, സര്‍ദാര്‍ പട്ടേല്‍ എന്നൊക്കെയാണ് അമിത് ഷായെ ബിജെപി വിശേഷിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 20 ദിവസത്തോളം അദ്ദേഹത്തിന് പാര്‍ലമെന്റില്‍ വരാന്‍ കഴിഞ്ഞില്ല. ആദ്യമായാണ് ഇവര്‍ ഇന്ത്യയുടെ വികാരം അനുഭവിച്ചറിയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയതോടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യം സ്വന്തം നിലപാടുകള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ബിജെപിക്ക് ജനങ്ങളുടെ മേല്‍ തങ്ങളുടെ ഭരണം അടിച്ചേല്‍പ്പിക്കാനാകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന് വഴങ്ങിയ അമിത് ഷാ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു പ്രതികരണം.

എന്നാല്‍ അമിത് ഷാ ക്ലാസെടുത്ത് തരുന്നത് കേള്‍ക്കാന്‍ താത്പര്യമില്ലെന്നും ആരാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ഉത്തരവിട്ടതെന്നാണ് അറിയേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായാണ് ഉത്തരവിട്ടതെങ്കില്‍ അദ്ദേഹം രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അമിത് ഷാ സഭയിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Post a Comment

0 Comments