കരുവാറ്റ കൊലപാതകം: പ്രതികൾ അകത്തുകയറിയത് ശുചിമുറിയിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ട ഭാഗത്തുകൂടി




ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ ബന്ധുവും കാമുകനും കൊലപ്പെടുത്തിയത് അതിക്രൂരമായി. ശനിയാഴ്ച രാത്രിയിലാണ് പ്രതികൾ വയോധികൻ താമസിക്കുന്ന വാടകവീട്ടിലെത്തിയത്. ശുചിമുറിയിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ട ചെറിയ ഭാഗത്തുകൂടി രണ്ടുപേർ അകത്തുകടന്നു. പിന്നാലെ വീടിന്റെ മുൻവാതിൽ തുറന്ന്, പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. ഡൈനിങ് റൂമിലെ തറിയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് വയോധികനെ കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യം വിഡിയോകോൾ വഴി പെൺകുട്ടിയെ കാണിച്ചുകൊടുത്തു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന നാലര പവൻ സ്വർണാഭരണങ്ങൾ അപഹരിച്ച് രക്ഷപ്പെട്ടു. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ മുറികളിലും വാതിൽപടികളിലും മുളകുപൊടി വിതറുകയും ചെയ്തു.

13കാരിയടക്കം നാലംഗ കൗമാരസംഘമാണ് കേസിൽ പിടിയിലായത്. അടുത്ത ബന്ധുവായ 13കാരി നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് പ്രായപൂർത്തിയാകാത്ത കാമുകനും സുഹൃത്തുക്കളും ചേർന്ന് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്ലസ് വണ്ണിലും പ്ലസ് ടുവിനും പഠിക്കുന്ന രണ്ടുപേരും പ്ലസ് ടു പഠനം കഴിഞ്ഞയാളും ചേർന്നാണ് ആസൂത്രിത കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

മുമ്പ് ബാഡ് ടച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. വീട്ടിൽ സൂക്ഷിച്ച സ്വർണം കൈക്കലാക്കുകയുമായിരുന്നു ലക്ഷ്യം. പെൺകുട്ടിക്ക് ഐഫോണും കാമുകന് ബൈക്കും വാങ്ങാനായിരുന്നു പദ്ധതി. മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ആൺസൗഹൃദങ്ങളും വിലക്കിയതിലുള്ള പക തീർക്കുന്നതിനായും ബൈക്ക് വാങ്ങാൻ പണംകിട്ടുമെന്ന് വിശ്വസിപ്പിച്ചും പെൺകുട്ടി കാമുകന് കൊലപാതകത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തന്നെ സംശയിക്കാതിരിക്കാൻ പെൺകുട്ടി നടത്തിയ നാടകം പൊലീസിന്റെ ബുദ്ധിപൂർവമായ ചോദ്യം ചെയ്യലിലാണ് പൊളിഞ്ഞത്. കൊലപാതക വിവരമറിഞ്ഞപ്പോൾ ഭാവഭേദമില്ലാതിരുന്ന പെൺകുട്ടിയുടെ അമിത ശാന്തതയും പരസ്പരവിരുദ്ധ വാക്കുകളുമാണ് സംശയം ജനിപ്പിച്ചത്.

ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളക്കഥകൾ പൊളിഞ്ഞു. 13കാരിയാണ് കൊലപാതകത്തിന്റെ മുഖ്യാസൂത്രകയെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ആഭരണത്തിലെ ഒരുമോതിരം കൊല്ലത്തെ ജ്വല്ലറിയിൽ 16,000 രൂപയ്ക്ക് വിറ്റിരുന്നു. ഇതിന് സഹായിച്ച ആളെക്കുറിച്ചും വിവരങ്കിട്ടിയിട്ടുണ്ട്. സ്വർണാഭരണങ്ങൾ ചൊവ്വാഴ്ച പുലർച്ചെയോടെ പൊലീസ് വീണ്ടെടുത്തു. പ്രതികളെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Post a Comment

0 Comments