കോഴിക്കോട്: മാസപ്പടി കേസിൽ ഇഡി രാഷ്ട്രീമായി വേട്ടയാടുകയാണെന്ന് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോളജ് പഠനകാലം മുതൽ പരിചയമുള്ള സുഹൃത്തുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും ഇഡി രാവിലെ മുതൽ രാത്രി വരെ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കരാർ പ്രകാരം സേവനം നൽകി അക്കൗണ്ട് വഴി പണം വാങ്ങിയ വിഷയമാണിത്. ഈ വിഷയത്തിൽ വാർത്തകൾ വന്നപ്പോൾ നിയമപരമായി നേരിടാൻ തീരുമാനിച്ചതിനാലാണ് കൂടുതൽ പ്രതികരിക്കാതിരുന്നതെന്നും റിയാസ് പറഞ്ഞു.
പുതിയ സർക്കാർ വന്നതിനുശേഷം തിരുവനന്തപുരത്തും കോഴിക്കോട്ടും റെയ്ഡുകൾ നടന്നു. എന്നാൽ ഈ പരിശോധനകളിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റെയ്ഡിനിടെ ടൈപ്പ് റൈറ്റർ ഉള്ളിലേക്ക് കൊണ്ടുപോയപ്പോൾ അത് നോട്ട് എണ്ണുന്ന മെഷീൻ ആണെന്ന രീതിയിൽ വരെ തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.
വീണ 'ലേക്കർ' എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇത് പുതിയ സ്ഥാപനമല്ലെന്നും നോമിനേഷൻ പേപ്പറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നും റിയാസ് പറഞ്ഞു. ഭരണഘടനാപരമായി ബിസിനസ് നടത്താൻ വീണയ്ക്ക് സ്വാതന്ത്ര്യമുണ്ട്. സർക്കാരിനെയോ മറ്റ് കാര്യങ്ങളെയോ സ്വാധീനിച്ച് ബിസിനസ് നടത്തുന്നുണ്ടോ എന്നത് ആർക്കും പരിശോധിക്കാവുന്നതാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയമായും നിയമപരമായും തന്നെ നേരിടുമെന്നും റിയാസ് പറഞ്ഞു.
പുകമറ സൃഷ്ടിച്ച് സംശയനിഴലിൽ നിർത്താനാണ് ശ്രമം. ഇഡിയെ ബിജെപി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ മുമ്പും വ്യക്തമാക്കിയതാണ്. ഒളിച്ചോടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും റിയാസ് വ്യക്തമാക്കി.
%20(1).jpg)
0 Comments