കാര്യങ്ങള്‍ ഇനി എളുപ്പം; ഊബർ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം

 


ന്യൂഡല്‍ഹി: ട്രാവല്‍ കമ്പനിയായ ഇക്സിഗോയുമായി സഹകരിച്ച് ട്രെയിൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിച്ച് ഊബർ. ഇതോടെ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും, റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒരുമിച്ച് പ്ലാൻ ചെയ്യാനും സാധിക്കും.

സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഊബറിന്റെ പുതിയ നീക്കം. ഇക്സിഗോയുടെ റെയിൽവേ ബുക്കിങ് സാങ്കേതികവിദ്യയാണ് ഇതിനായി ഊബർ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയിലെ യാത്രകളിൽ ട്രെയിനുകൾക്ക് വലിയ പങ്കുണ്ടെന്നും, വീടുകളിൽ നിന്ന് തുടങ്ങി ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള യാത്രാനുഭവം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഊബർ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അർണബ് കുമാർ വ്യക്തമാക്കി.

ബുക്ക് ചെയ്യുന്നതിനായി, ഊബർ ആപ്പിലെ 'Bus & Train' ഓപ്ഷൻ തെരഞ്ഞെടുത്ത് 'train tickets' ക്ലിക്ക് ചെയ്യുക. തുടർന്ന് പുറപ്പെടുന്ന സ്ഥലം, പോകേണ്ട സ്ഥലം, യാത്രാ തീയതി എന്നിവ നൽകി ട്രെയിൻ തെരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കാം. ശേഷം റെയിൽവേ സ്റ്റേഷനിലേക്കോ തിരികെ വീട്ടിലേക്കോ ഉള്ള യുബർ റൈഡും ബുക്ക് ചെയ്യാവുന്നതാണ്.

നേരത്തെ തന്നെ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഊബറിനായി പ്രത്യേക പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സോണുകൾ നിലവിലുണ്ട്. പുതിയ ഫീച്ചർ എത്തുന്നതോടെ സ്റ്റേഷൻ കണക്റ്റിവിറ്റിക്ക് അപ്പുറത്തേക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കും. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 7,410 മില്യണ്‍ യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്ക് , ഓട്ടോ, കാറുകൾ, മെട്രോ ടിക്കറ്റിങ്, ഇന്റർസിറ്റി ബസ് സർവീസുകൾ എന്നിവയ്ക്ക് പുറമെ ട്രെയിൻ ബുക്കിങ് കൂടെ എത്തിയതോടെ ഊബറിന്റെ മൾട്ടിമോഡൽ ട്രാവൽ സേവനങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

Post a Comment

0 Comments