ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റങ്ങളെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെ, രാഷ്ട്രീയ വിരമിക്കലിന്റെ സൂചനകൾ നൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇനി അധികകാലം പ്രവർത്തിക്കാനാകില്ലെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്നും ഗഡ്കരി വ്യക്തമാക്കി.
നാഗ്പൂരിലെ കാതോലിൽ സംഘടിപ്പിച്ച 'ഏകലവ്യ ഏകൽ വിദ്യാലയ' അധ്യാപക-സൂപ്പർവൈസർ പരിശീലന ക്ലാസിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയാണ് ഗഡ്കരിയുടെ പരാമർശം.
"കഴിഞ്ഞ 30 വർഷമായി ഞാൻ പൊതുജീവിതത്തിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ ഉയർച്ച താഴ്ചകൾ കണ്ടു, നിരവധി പുരസ്കാരങ്ങളും ലഭിച്ചു. എന്നാൽ എനിക്കിനി അധികം ജോലി ചെയ്യാൻ കഴിയില്ല, പുതിയ തലമുറയ്ക്ക് പ്രവർത്തിക്കാൻ അവസരം നൽകണം"- ഗഡ്കരി പറഞ്ഞു.
രാജ്യത്തെ എക്സ്പ്രസ്‌വേകളുടെയും റോഡ് അടിസ്ഥാനസൗകര്യങ്ങളുടെയും വികസനത്തിൽ വലിയ പങ്കുവഹിച്ച മുതിർന്ന കേന്ദ്രമന്ത്രിയാണ് നിതിൻ ഗഡ്കരി. എന്നാൽ, കഴിഞ്ഞ കുറച്ചുമാസങ്ങളായി എഥനോൾ കലർത്തിയ പെട്രോൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം വിമർശനങ്ങൾ നേരിടുന്നുണ്ടായിരുന്നു. എഥനോൾ മിശ്രിതം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്ന് ഉപഭോക്താക്കളും പ്രതിപക്ഷവും ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്. ഇതോടെ ഗഡ്കരി സജീവ രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിലുള്ള ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായിട്ടുണ്ട്. എങ്കിലും, വിരമിക്കൽ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും അദ്ദേഹം നടത്തിയിട്ടില്ല.

0 Comments