കോതമംഗലം: കടുത്ത പ്രതിഷേധത്തിനൊടുവിൽ കോതമംഗലം എംഎ കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു. വിദ്യാർഥികൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിച്ചത്. വിദ്യാർഥി മിച്ചു മാർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
സംഭവത്തിൽ വിദ്യാർഥികൾക്ക് പ്രാതിനിധ്യമുള്ള അന്വേഷണ സമിതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകി. ക്യാമ്പസിനകത്തുള്ള മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം വിദ്യാർത്ഥി പ്രതിനിധികൾക്കും പങ്കാളിത്തമുള്ള അന്വേഷണ സമിതിയായിരിക്കും രൂപീകരിക്കുക. മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ധാരണയായി.
അന്വേഷണം നടക്കുന്ന സമയത്ത് ഡീൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ മാറിനിൽക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. അന്വേഷണത്തിൽ മരണത്തിന് ഉത്തരവാദികളായവരുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. വിഷയത്തിൽ പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിലോ മറ്റ് നടപടികളിലോ ഇടപെടൽ ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ യാതൊരു തരത്തിലുള്ള അച്ചടക്ക നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ അധികൃതർക്ക് മുന്നിലെത്തിക്കുന്നതിനുമായി നിലവിലെ കോളജ് യൂണിയന്റെ കാലാവധി നീട്ടിനൽകാനും തീരുമാനമായി.
വിദ്യാർഥികൾ മുന്നോട്ടുവച്ച 12 ആവശ്യങ്ങളും അന്വേഷണ സമിതി ചർച്ച ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിൽ തൃപ്തിയുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
എസ്എഫ്ഐ, കെ.എസ്.യു ഉൾപ്പെടെയുള്ള ക്യാമ്പസിലെ വിവിധ വിദ്യാർത്ഥി സംഘടനകൾ എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ച് ചേർത്താണ് സമരത്തിന് നേതൃത്വം നൽകിയത്. ആവശ്യങ്ങൾ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
%20(1).jpg)
0 Comments