വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത ബദല്‍ മാര്‍ഗം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി

 


 


ഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത ബദല്‍ മാര്‍ഗം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന രീതി രാജ്യത്ത് തുടരും. നിലവില്‍ വധശിക്ഷ നടപ്പാക്കുന്ന രീതി കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി പറഞ്ഞു.

2017ല്‍ മുതിര്‍ന്ന അഭിഭാഷകനായ ഋഷി മല്‍ഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷ രീതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. തൂക്കുകയര്‍ വിധിക്കുന്ന സിആര്‍പിസി സെക്ഷന്‍ 354(5) വകുപ്പ് ചോദ്യം ചെയ്തായിരുന്നു ഹരജി. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

തൂക്കിലേറ്റുന്നതിന് പകരം മാരക കുത്തിവെപ്പ്, വെടിവെയ്ക്കല്‍, വൈദ്യുതാഘാതം ഏല്‍പ്പിക്കല്‍, ഗ്യാസ് ചേമ്പര്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നും ഇവ പെട്ടെന്ന് മരണം ഉറപ്പാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൂക്കിലേറ്റിയതിന് ശേഷം മരിച്ചുവെന്ന് ഉറപ്പിക്കാന്‍ ഏകദേശം 40 മിനിറ്റ് വേണ്ടിവരുമെന്നും ഹരജിക്കാരന്‍ വാദിച്ചു.

എന്നാല്‍ ഹരജി തള്ളിയ കോടതി വിഷയത്തില്‍ തങ്ങളുടെ വിധി അന്തിമമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷയുടെ മറ്റ് രീതികളെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഭാവിയില്‍ ഈ വിഷയം വീണ്ടും പരിഗണിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. 2025 ഒക്ടോബര്‍ 15ന് നടന്ന വാദത്തിനിടെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കുറ്റവാളികള്‍ക്ക് തൂക്കിലേറ്റലോ മാരകമായ കുത്തിവെപ്പോ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കേന്ദ്രം സുപ്രിംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കുകയായിരുന്നു. വിഷയം പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കാലത്തിനനുസരിച്ച് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

Post a Comment

0 Comments