ചെറുവയൽ രാമന് ഉമ്മൻചാണ്ടി കാർഷിക പുരസ്‌കാരം




വെള്ളമുണ്ട: മഴപെയ്തിറങ്ങിയ വൈകുന്നേരം. കമ്മനയിലെ വയലോരത്തെ പുല്ലുമേഞ്ഞ ചെറുവയൽ വീട്ടിലേക്ക് വീണ്ടുമൊരു ശുഭവാർത്തയെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം ചെറുവയൽ രാമന്. വിവരമറിയിക്കാൻ ചെറുവയൽ രാമനെ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖാണ് നേരിട്ടുവിളിച്ചത്. ‘‘സന്തോഷം, ഇത് മണ്ണിൽ പണിയെടുക്കുന്ന എല്ലാ കർഷകർക്കും വേണ്ടിയുള്ളതാണ്’’ -രാമൻ പറഞ്ഞു. രാജ്യം ആദരിച്ച പദ്‌മശ്രീ പുരസ്കാരമടക്കം തലക്കനമില്ലാതെ ഈ വീടിന്റെ അലങ്കാരമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സന്തോഷംകൂടി.

നൂറുവർഷങ്ങൾക്കുമുൻപ്‌ വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതെണ്ണം ഇന്നും കൃഷിയിറക്കുന്ന ഏകകർഷകൻ. ഇരുപതേക്കർ സ്ഥലവും ആസ്തികളും കുടുംബസ്വത്തായുള്ളപ്പോഴും പുല്ലുമേഞ്ഞ വീട്ടിലെ ചാണകം മെഴുകിയ തറയിൽ നിലത്തിരുന്ന് അത്താഴമുണ്ട് കാലത്തെയെല്ലാം തോൽപ്പിക്കുന്ന വയനാടിന്റെ ഫുക്കുവോക്ക. ആരുടെയും കൈയടിക്കുവേണ്ടിയല്ലാതെ വരുംതലമുറയ്ക്കായി പൈതൃക നെൽവിത്ത് സംരക്ഷകൻ എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമൻ.

കതിരുനിരക്കുന്ന നെൽപ്പാടങ്ങൾ, വിതയ്ക്കുന്നവനു മാത്രമുള്ളതല്ല. പക്ഷികളും നാനാതരം ജീവികളും ഇതിന്റെ വീതം തേടിവരും. ഇങ്ങനെയാണ് രാമൻ പറയുക. വീട്ടിൽ കൃഷിയെയും നെൽവിത്തുകളെയും അടുത്തറിയാൻ വരുന്നവരെ നിരാശരാക്കാറില്ല.


Post a Comment

0 Comments