കൊല്ലം: കൊല്ലം നീണ്ടകര അഴിമുഖത്ത് ജൂലൈ 31-ന് നടന്ന വള്ളം അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ വീണ്ടും ഊർജിതമാക്കി. കാണാതായവരിൽ മത്സ്യത്തൊഴിലാളിയായ ഗൗതം കൃഷ്ണ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കടലിലും തീരപ്രദേശങ്ങളിലും വ്യാപക തെരച്ചിൽ തുടരുകയാണ്.
ജൂലൈ 31-ന് ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 14 പേരിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തിയെങ്കിലും അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. മരിച്ചവരിൽ 76 വയസ്സുള്ള രാജീവനും ഉൾപ്പെടുന്നു.
ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിൽ കാലതാമസം നേരിടുന്നതായി ആരോപിച്ച് അമ്മ രേഷ്മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ കൊല്ലം കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. തിരച്ചിൽ കൂടുതൽ ശക്തമാക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അന്വേഷണം തുടരുകയാണെന്നും അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നാവികസേന, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. കടലിലെ ഒഴുക്കും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്തി വിദഗ്ധരുടെ നിർദേശപ്രകാരമാണ് തിരച്ചിൽ മേഖല വിപുലീകരിച്ചിരിക്കുന്നത്.

0 Comments