മുട്ടിൽ മരംമുറിക്കേസ്: ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും ഹാജരായി; റോജി അഗസ്റ്റിൻ ഹാജരായില്ല

 



കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല.

അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും കോടതിയിൽ ഹാജരായത്. റോജി അഗസ്റ്റിൻ ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടാകും.

വയനാട്ടിലെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

മുട്ടിലിൽ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് അറിയിച്ച് അനധികൃതമായി മരം മുറിച്ച് അമ്പലമേട്ടിലെ ടിമ്പർ കമ്പനിക്ക് വിറ്റുവെന്നാണ് കേസ്. വിശ്വാസവഞ്ചന നടത്തി മരം വിറ്റുവെന്ന് ആരോപിച്ച് കമ്പനി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് കേസെടുത്തത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. മരം മുറിച്ചുകടത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രാഥമിക കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകാത്തതോടെയാണ് വാറന്റ് പുറപ്പെടുവിച്ചത്.

Post a Comment

0 Comments