അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 



കോട്ടയം: കനത്ത മഴയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി.

വയനാട്

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. അവിടെയുള്ള വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണ്.

ആലപ്പുഴ

ജില്ലയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും വിവിധ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി വെള്ളിയാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും ജില്ല കലക്ടര്‍ ഷാജി വി. നായര്‍ അവധി നല്‍കി. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.


കോട്ടയം

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കാസര്‍കോട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് ഏഴിന് ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

പത്തനംതിട്ട

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്രഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Post a Comment

0 Comments