വയോജന ക്ഷേമം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത: വയോജന കമ്മീഷൻ

 



വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും അവർക്കെതിരായ അതിക്രമങ്ങൾ തടയേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ സോമപ്രസാദ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറസ് ഹാളിൽ കമ്മീഷൻ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അണുകുടുംബ ജീവിത സാഹചര്യങ്ങളിൽ പ്രായമായവരോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. സ്വന്തം മക്കളോ മറ്റ് കുടുംബാംഗങ്ങളോ പ്രതിസ്ഥാനത്ത് വരുമെന്നതിനാൽ പലപ്പോഴും അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാനോ അതിക്രമങ്ങൾ തുറന്നുപറയാനോ നിയമ സംവിധാനങ്ങളെ സമീപിക്കാനോ കുടുംബത്തിലെ പ്രായംചെന്നവ‍ർക്ക് സാധിക്കുന്നില്ല. മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും നല്ല ജീവിത സാഹചര്യങ്ങളുമുള്ള കുടുംബങ്ങളിൽ പോലും വയോജനങ്ങളോടുള്ള സമീപനം പലപ്പോഴും മോശമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അറുപത് വയസിന് മുകളിലുള്ള വ്യക്തികളുടെ അവകാശ നിഷേധങ്ങൾ, അവർക്ക് നേരെയുള്ള മോശം പെരുമാറ്റം എന്നിങ്ങനെയുള്ള ഏത് പ്രയാസത്തെക്കുറിച്ചും സംസ്ഥാന വയോജന കമ്മീഷനിൽ പരാതി നൽകാനാവും. പരാതിക്കാരൻ തന്നെ കമ്മീഷനെ സമീപിക്കണമെന്നുമില്ല. അവർക്ക് വേണ്ടി ഏതൊരാൾക്കും പരാതി നൽകാം. പത്ര വാർത്തകൾ ഉൾപ്പെടെയുള്ള മറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയം കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ലഭിക്കുന്ന പരാതികളിന്മേൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ മുഖേന അന്വേഷണം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട കക്ഷികളെ തെളിവെടുപ്പിന് വിളിക്കുന്നത്. കമ്മീഷൻ ആസ്ഥാനത്തെ സ്ഥിരം അദാലത്തുകൾക്ക് പുറമെ പരാതികളുടെ സ്വഭാവവും എണ്ണവും പരിഗണിച്ച് പരാതിക്കാരുടെ സൗകര്യാർത്ഥം ജില്ലാ ആസ്ഥാനങ്ങളിലും കമ്മീഷൻ അദാലത്തുകൾ നടത്തിവരികയാണെന്നും അഡ്വ. കെ സോമപ്രസാദ് പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് പ്രജിത്ത്, കൗൺസിലർമാരായ റീന, ജോബിന, ഫെസിലിറ്റേറ്റർ അന്നമ്മ അൻസി, വയോജന കമ്മീഷൻ ഉദ്യോഗസ്ഥൻ സിദ്ദാർത്ഥ് തുടങ്ങിയവർ ജില്ലാതല അദാലത്തിൽ പങ്കെടുത്തു.

Post a Comment

0 Comments