തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കാൻ ഉത്തരവിറക്കിയ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ബിജെപിക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'കോൺഗ്രസും പശുവും ചേർന്നാൽ ബിജെപി ആയി' എന്ന മുൻ ബിജെപി നേതാവ് അരുൺ ഷൂരിയുടെ പ്രയോഗം ഓർമിപ്പിച്ച അദ്ദേഹം, നരേന്ദ്ര മോദി സർക്കാരിന്റെയും വി.ഡി സതീശൻ സർക്കാരിന്റെയും നയങ്ങൾ ഒന്നുതന്നെയാണെന്നും കുറ്റപ്പെടുത്തി. മതനിരപേക്ഷത തകർക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വന്ദേമാതരത്തിന്റെ ആദ്യ ഭാഗങ്ങൾ ഭാരതത്തെ സംബന്ധിച്ചുള്ള ദേശഭക്തി ഉൾക്കൊള്ളുന്നതാണെങ്കിലും പിന്നീടുള്ള ഭാഗങ്ങൾ ഹിന്ദുത്വ നിലപാട് ഉയർത്തിപ്പിടിക്കുന്നതും ആർഎസ്എസ് അജണ്ടയുടെ ഭാഗവുമാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതിനാലാണ് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ളവർ ഇതിലെ ബാക്കി ഭാഗങ്ങൾ പാടേണ്ടതില്ല എന്ന് തീരുമാനിച്ചത്. എന്നാൽ, ചരിത്രം മറന്നുകൊണ്ട് ഇപ്പോൾ സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായും ആലപിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുസ്‌ലിം ലീഗ് മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇത് നടപ്പിലാക്കാൻ സർക്കുലർ നൽകിക്കഴിഞ്ഞതായും അദ്ദേഹം വിമർശിച്ചു. വി.ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയതിനെക്കുറിച്ച് അന്ന് ചോദിച്ചപ്പോൾ, തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments