ചെന്നൈ: തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മൂന്നാമത്തെ കുട്ടിക്ക് നൽകിവന്നിരുന്ന പ്രസവാവധി 12 ആഴ്ചയിൽ നിന്നും ഒരു വർഷമായി ഉയർത്താൻ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ തീരുമാനിച്ചു. നിലവിൽ ആദ്യത്തെ രണ്ട് കുട്ടികൾക്ക് നൽകുന്ന ഒരു വർഷത്തെ പ്രസവാവധിക്ക് തുല്യമായിട്ടാണ് ഇനിമുതൽ മൂന്നാമത്തെ കുട്ടിക്കും അവധി ലഭിക്കുക.
നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ഒരു ക്ഷേമ സർക്കാരാണ് തമിഴ്നാട്ടിലേതെന്നും, അതിനാൽ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് മൂന്നാമത്തെ കുട്ടിക്ക് നിലവിലുള്ള 12 ആഴ്ചത്തെ പ്രസവാവധി ഒരു വർഷമായി വർധിപ്പിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിന് ഔദ്യോഗികമായി ഉടൻ തന്നെ സർക്കാർ ഉത്തരവ് പുറത്തിറങ്ങും.
നേരത്തെ, സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഫണ്ടമെന്റൽ റൂൾ 101(എ) ഭേദഗതി ചെയ്തുകൊണ്ട് രണ്ടോ അതിലധികമോ ജീവിച്ചിരിക്കുന്ന കുട്ടികളുള്ള ജീവനക്കാർക്ക് പ്രസവാവധി 12 ആഴ്ചയായി തമിഴ്നാട് ചുരുക്കിയിരുന്നു. തുടർന്ന് ജൂണിൽ മദ്രാസ് ഹൈക്കോടതിയും ഈ ഭേദഗതി ശരിവെച്ചു. അതിനാൽ മൂന്നാമത്തെ കുട്ടിക്ക് 12 ആഴ്ച മാത്രമായിരുന്നു നിയമപരമായി ലഭിച്ചിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ ഈ നിയന്ത്രണം സർക്കാർ എടുത്തുമാറ്റുകയും ഒരു വർഷത്തെ പൂർണ ശമ്പളത്തോടു കൂടിയ അവധി പുനഃസ്ഥാപിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ജനനനിരക്ക് വലിയ രീതിയിൽ കുറയുന്നതിലെ ആശങ്കകളും സർക്കാരിന്റെ പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്. തമിഴ്നാടിന്റെ ജനനനിരക്ക് 1.4 ആയി കുറഞ്ഞുവെന്നും, സംസ്ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനത്തോളം പേർ 60 വയസിന് മുകളിലുള്ളവരാണെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് ചൂണ്ടിക്കാട്ടിയിരുന്നു. ആന്ധ്രാപ്രദേശിന്റെ മാതൃകയിൽ, കൂടുതൽ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ പദ്ധതികൾ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. മുൻ കാലങ്ങളിൽ 90 ദിവസമായിരുന്ന പ്രസവാവധി ഘട്ടംഘട്ടമായി ഉയർത്തിയാണ് തമിഴ്നാട് സർക്കാർ 365 ദിവസമാക്കിയത്.

0 Comments