വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനം; കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

 



കൊച്ചി: വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെ എന്നും ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാരിന്റെ അധികാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പിഴവുകൾ പരിഹരിച്ച് വഖഫ് ബോർഡ് പുനഃസംഘടന നടത്താമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയും മാനദണ്ഡം പാലിച്ചും വഖഫ് ബോർഡ് പുനസംഘടന നടത്താമെന്നാണ് സർക്കാർ അറിയിച്ചത്. അമുസ്‍ലിം അംഗത്വം സുപ്രിംകോടതിയിലെ കേസിൻ്റെ വിധി പരിഗണിച്ച് തീരുമാനിക്കും. ശിയ, ബോറ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാൻ വഖഫ് ബോർഡിന് നിർദേശം നൽകിയതായും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്‍ലിംകളെ നിയമിക്കണം എന്ന വ്യവസ്ഥയിൽ സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ തൽക്കാലം ആ പദവികൾ ഒഴിച്ചിടാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

Post a Comment

0 Comments