എന്തുകൊണ്ടാണ് ബിജെപി വിട്ടത്? കാരണം വെളിപ്പെടുത്തി അണ്ണാമലൈ

 



ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്ന് രാജിവെച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി തമിഴ്‌നാട്ടിലെ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഡല്‍ഹി കേന്ദ്രീകൃതമാകുന്നതും ഗുജറാത്തിന് അമിത പ്രാധാന്യം നല്‍കുന്നതുമാണ് തന്റെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് അണ്ണാമലൈ പറഞ്ഞത്.

ബിജെപിയുടെ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളില്‍ തനിക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നുവെന്ന് ചര്‍ച്ചയില്‍ അണ്ണാമലൈ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും സംസ്ഥാനതല രാഷ്ട്രീയ സാഹചര്യങ്ങളെയും വേണ്ടത്ര പരിഗണിക്കാതെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തീരുമാനങ്ങള്‍ ഉണ്ടാകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലും തീരുമാനമെടുക്കുന്ന രീതിയിലും മാറ്റം ആവശ്യമാണെന്ന അഭിപ്രായമായിരുന്നു തനിക്കെന്ന് അണ്ണാമലൈ പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് അധികാരം നല്‍കണം. തമിഴ്‌നാട്ടിലെ ബിജെപി കോര്‍ കമ്മിറ്റി യോഗം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ചേരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഗുജറാത്ത് കേന്ദ്രീകൃത വികസന മാതൃകയിലും തനിക്ക് വിയോജിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ പാര്‍ട്ടി വിടാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചിരുന്നെന്ന് അണ്ണാമലൈ പറഞ്ഞു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇക്കഴിഞ്ഞ ജൂണില്‍ ബിജെപിയുമായി സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞതെന്ന് അണ്ണാമലൈ പറഞ്ഞു.

ബിജെപി വിട്ട അണ്ണാമലൈ 'വി ദി ലീഡേഴ്സ്' എന്ന സംഘടന ആരംഭിച്ച് പ്രചാരണം നടത്തിയിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റം ലക്ഷ്യമിട്ടാണ് താന്‍ പൊതുരംഗത്തേക്ക് വന്നതെന്നും, പുതിയ പ്രസ്ഥാനം ആ ലക്ഷ്യത്തിലേക്കുള്ള വേറിട്ടൊരു പാതയാണെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ കര്‍ണാടക കേഡറിലെ ഐപിഎസ് ജോലി രാജിവെച്ചാണ് അണ്ണാമലൈ പൊതുരംഗത്തേക്ക് വരുന്നത്. 2020ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയിരുന്നു.

Post a Comment

0 Comments