കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് പരസ്യമായി സമ്മതിച്ച് സിപിഎം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ കൂടുതൽ ശക്തയായ ഒരു സ്ഥാനാർഥിയെ നിർത്തണമായിരുന്നുവെന്നും അതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചുവെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽ ഏരിയ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച വീഴ്ച ജനങ്ങളോട് തുറന്നുപറയാൻ പാർട്ടിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കെ.കെ രാഗേഷ് വ്യക്തമാക്കി. ആരും പറഞ്ഞിട്ടല്ല പാർട്ടി ഈ തീരുമാനമെടുത്തത്. തുടർച്ചയായി മത്സരിക്കുന്നവർ മാറിനിൽക്കണമെന്നും, അതിനുപകരം പുതിയൊരു വനിതാ സ്ഥാനാർഥി വരണമെന്നും പാർട്ടി സ്വതന്ത്രമായി തീരുമാനിച്ചതാണ്. ഈ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. എന്നാൽ, മുസ്‌ലിം ലീഗിന് വലിയ സ്വാധീനമുള്ള, വളരെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ കൂടുതൽ കരുത്തുറ്റ സ്ഥാനാർഥിയെ നിർത്താൻ പാർട്ടിക്ക് കഴിയേണ്ടതായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിയിൽ നിന്ന് പുറത്തുപ്പോയി മത്സരിച്ച ടി.കെ ഗോവിന്ദനെതിരെ അതിരൂക്ഷമായ വിമർശനമാണ് ജില്ലാ സെക്രട്ടറി യോഗത്തിൽ ഉന്നയിച്ചത്. ടി.കെ ഗോവിന്ദൻ ഒരു 'വർഗവഞ്ചകനാണെന്നും' ശ്യാമള ടീച്ചർക്ക് പകരം മറ്റൊരാളായിരുന്നു സ്ഥാനാർഥിയെങ്കിലും, തന്റെ സ്ഥാനമോഹം കാരണം ഗോവിന്ദൻ യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുമായിരുന്നുവെന്ന് രാഗേഷ് ആരോപിച്ചു. തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് ടി.കെ. ഗോവിന്ദൻ. കൂടെ നിന്ന് പാർട്ടിയുടെ നെഞ്ചത്ത് കഠാരയിറക്കിയ ഈ ഒറ്റുകാരനെ ഒറ്റപ്പെടുത്താൻ നാടൊന്നാകണം. കൂട്ടത്തിൽ നിന്ന് പിന്നിൽ കുത്തിയ ഗോവിന്ദനെ പാർട്ടി ഒരിക്കലും മറക്കില്ലെന്നും അത് എക്കാലവും ഓർത്തുവെക്കുമെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയുളള വലിയ പദവികൾ നൽകിയിട്ടും അദ്ദേഹം പാർട്ടിയെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തത്. പാർട്ടിക്കൊപ്പം നിന്ന് പാർട്ടിക്കാരുടെ നെഞ്ചത്ത് കടാര കയറ്റിയ ഈ ഒറ്റുകാരനെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം യോഗത്തിൽ ആഹ്വാനം ചെയ്തു.

0 Comments