എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം താൽക്കാലികമായി അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ 37ദിവസമായി തുടരുന്ന എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന നിരാഹാര സമരം താൽക്കാലികമായി പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഉദ്യോഗാർഥി വളർമതി, മന്ത്രി നൽകിയ നാരങ്ങാനീര് കുടിച്ച് സമരം അവസാനിപ്പിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും പോസ്റ്റിംഗ് നടക്കാതെയും തുടർച്ചയായി പുതിയ നോട്ടിഫിക്കേഷനുകൾ ഇറങ്ങുന്ന രീതിക്ക് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. കൂടാതെ, നിലവിലെ റാങ്ക് ലിസ്റ്റിന് ഒന്നര വർഷത്തോളം കാലാവധിയുണ്ടെന്നും കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അത് നീട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാർഥി-അധ്യാപക അനുപാതം, വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കുക, വേക്കൻസികൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിൻമേൽ തീരുമാനമെടുക്കാൻ 45 ദിവസത്തെ സാവകാശമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സർക്കാരിന്റെ ഉറപ്പുകളിൽ അനുകൂല നടപടിയുണ്ടാകും വരെ സമരപന്തലിലെ സമാധാനപരമായ സാന്നിധ്യം തുടരുമെന്നും, 45 ദിവസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.

Post a Comment

0 Comments