പാലാ: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ-ഈരാറ്റുപേട്ട റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
മണിമലയാറ്റിലും വെളളം ഉയരുകയാണ്. മണിമലയാറിൻ്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. തീക്കോയി മുപ്പതേക്കർ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. മൂന്നിലവ് വലിയമംഗലം ഭാഗത്ത് വെള്ളം കയറിയതോടെ പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഇടമരുക്-വാകക്കാട് റോഡ്, ഇടമരുക് - പൈകടപ്പീടിക റോഡ് തുടങ്ങിയ വഴികളിലും വെള്ളം കയറിയിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറി.
ഇളങ്കാട് വല്യേന്ത ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പലയിടത്തും ആളുകളെ ഒഴിപ്പിച്ചു വരികയാണ്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്‌വേ, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
0 Comments