ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭഷ്യവിഷബാധ. ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. കർണാടക സന്ദർശനത്തിനിടെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ചെറിയ തോതിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം ആശുപത്രി വിട്ടതായും കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.
കെഎൽഇ ജഗദ്ഗുരു ഗംഗാധർ മഹാസ്വാമിഗൾ മൂരുസാവീർമഠ് മെഡിക്കൽ കോളജ് ഉദ്ഘാടനം, ബെളഗാവി ജില്ലയിലെ ചിക്ക്ഓഡി താലൂക്കിൽ നടക്കുന്ന സഹകരണ സംഗമം തുടങ്ങിയ പരിപാടികൾ ഉദ്ഘാടനം ചെയ്യാനായിരുന്നു അദ്ദേഹം കർണാടകയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
ഭക്ഷ്യവിഷബാധയേറ്റതോടെ ഡോക്ടറുടെ നിർദേശപ്രകാരം അദ്ദേഹം ഹോട്ടലിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. ഉദ്ഘാടന ചടങ്ങിൽ എത്താനായില്ലെങ്കിലും ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം കെഎൽഇ മെഡിക്കൽ കോളജ് ക്യാമ്പസ് സന്ദർശിച്ചതായി പ്രാദേശിക നേതാക്കൾ വ്യക്തമാക്കി.
നിലവിൽ വിശ്രമത്തിൽ കഴിയുന്ന അമിത്ഷാ സുഖം പ്രാപിച്ചുവരികയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ അദ്ദേഹത്തെ ഹോട്ടലിൽ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി.

0 Comments