തിരുവനന്തപുരം: പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടുന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കാതെ അനിശ്ചിതത്വം തുടരുന്നു. കരാർ കാലാവധി നീട്ടണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, തീരുമാനം എടുക്കുന്നത് ഇനിയും ഒരാഴ്ച കൂടി വൈകുമെന്നാണ് സൂചന.
ഇന്നലെ നിലവിലെ കരാർ കാലാവധി അവസാനിച്ചതോടെ, ഹെലികോപ്റ്റർ വിതരണം ചെയ്യുന്ന ചിപ്സൺ ഏവിയേഷൻ സർക്കാരിന് മുന്നിൽ ഒരു പുതിയ നിർദ്ദേശം വെച്ചിട്ടുണ്ട്. പ്രതിമാസ സ്ഥിര വാടകയ്ക്ക് പകരം, സർക്കാരിന് ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാമെന്നതാണ് പുതിയ ഓഫർ. ഇതിനായി ഒരു മണിക്കൂർ ഉപയോഗത്തിന് 4 ലക്ഷം രൂപ വാടക നൽകേണ്ടിവരും.
മുൻ കരാർ പ്രകാരം പ്രതിമാസം 25 മണിക്കൂർ ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ വാടകയായി നൽകണമായിരുന്നു. ഇതിൽ വലിയൊരു തുക ഉപയോഗമില്ലാതെ തന്നെ നൽകേണ്ടി വരുന്നു എന്ന വിമർശനം ആഭ്യന്തര വകുപ്പിൽ ഉണ്ടായിരുന്നു. ഒരു മാസത്തിൽ 20 തവണയെങ്കിലും ഉപയോഗിച്ചാൽ മാത്രമേ പുതിയ 4 ലക്ഷം രൂപ നിരക്കിൽ 80 ലക്ഷം രൂപയിൽ എത്തുകയുള്ളൂ എന്നതിനാൽ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
എന്നാൽ ഈ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദവും സർക്കാരിനുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോൾ എൽഡിഎഫ് സർക്കാരിന്റെ ഹെലികോപ്റ്റർ വാടകക്കെടുക്കൽ നീക്കത്തെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ശക്തമായി വിമർശിച്ചിരുന്നു. അതിനാൽ കരാർ തുടരുകയാണെങ്കിൽ ഉണ്ടാകുന്ന രാഷ്ട്രീയ വിമർശനങ്ങളും, സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ നിലപാട് വ്യക്തമാക്കുക.

0 Comments