മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ സ്വകാര്യ കമ്പനിയായി തുടരാനുള്ള ടാറ്റാ ഗ്രൂപ്പിന്‍റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിന്‍റെ നീക്കത്തിന് തിരിച്ചടി. അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി.
നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി രജിസ്ട്രേഷൻ വോളണ്ടറി ആയി തിരികെ നൽകാനുള്ള ടാറ്റാ സൺസിന്റെ അപേക്ഷ നിരസിച്ച ആർബിഐ, കമ്പനിയോട് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു.കടങ്ങൾ മുഴുവൻ വീട്ടിയെന്നും തങ്ങൾ പൊതുപണം നേരിട്ട് ഉപയോഗിക്കുന്നില്ലെന്നും വാദിച്ച് 2024 മാർച്ച് 28-നാണ് ടാറ്റാ സൺസ് റിസര്‍വ് ബാങ്കിന് സിഐസി രജിസ്ട്രേഷൻ തിരികെ നൽകാൻ അപേക്ഷ നൽകിയത്. എന്നാൽ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്ത ടാറ്റ കമ്പനികളുടെ ഓഹരി പങ്കാളിത്തം ഉള്ളതിനാൽ ആർബിഐ ഈ അപേക്ഷ തള്ളുകയായിരുന്നു.
നിയമപരമായ വീഴ്ചകളും വ്യവസ്ഥകളും പരിഹരിക്കുന്നതിനായി റെഗുലേറ്ററി മാർഗനിർദ്ദേശങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ടാറ്റാ സൺസ് പൂർത്തിയാക്കണമെന്ന് ആർബിഐ കത്തിലൂടെ വ്യക്തമാക്കി. ഇതൊരു നീണ്ട പ്രക്രിയയായി കാണാതെ അടിയന്തരമായി ലിസ്റ്റിംഗ് നടപടികൾ പൂർത്തിയാക്കാനാണ് ആർബിഐയുടെ നിർദേശം.
ടാറ്റാ സൺസ് ഓഹരി വിപണിയിലേക്ക് എത്തുന്നതോടെ കമ്പനിയിൽ 18.3% ഓഹരി പങ്കാളിത്തമുള്ള ഷാപൂർജി പല്ലൊഞ്ചി ഗ്രൂപ്പിന് അത് വലിയ നേട്ടമാകും. തങ്ങളുടെ ഓഹരികൾ വിപണിയിൽ വിറ്റഴിച്ച് സ്വന്തം വികസന ആവശ്യങ്ങൾക്കായി പണം സമാഹരിക്കാൻ അവർക്ക് ഇതിലൂടെ സാധിക്കും.
ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ലാഭ-നഷ്ടകണക്കുകള്‍ ഉള്‍പ്പടെ പുറത്ത് വിടേണ്ടി വരും. ഇത് കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെ സ്വാധീനിക്കുമെന്നാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ പറയുന്നത്.എന്നാല്‍, ഇക്കാര്യത്തില്‍ ടാറ്റക്കുള്ളില്‍ അഭിപ്രായ ഐക്യമില്ലെന്നാണ് സൂചന. ടാറ്റ സണ്‍സില്‍ നിക്ഷേപമുള്ള ചിലര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന അഭിപ്രായക്കാരാണ്.

0 Comments