തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെഎസ്ഇബി ജീവനക്കാർക്കിടയിൽ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.
പ്രതിസന്ധി മറികടക്കാൻ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും വർക്കേഴ്‌സ് അസോസിയേഷൻ പ്രസ്താവന ഇറക്കി. അതേസമയം, ഇടത് ഓഫീസർ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു.
വസ്തുതകൾ തിരിച്ചറിയാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും ജീവനക്കാരുടെ ആത്മവീര്യം തകർത്ത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തരുതെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ചിലർ മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടുകൂടി അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

0 Comments