കോഴിക്കോട്: തെരഞ്ഞെടുപ്പ് സമയത്ത് വാരിക്കോരി വാഗ്ദാനങ്ങൾ നൽകും...ജയിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞേ കാണൂ...മിക്ക ജനപ്രതിനിധികളെയും കുറിച്ച് ജനങ്ങൾക്കുള്ള പരാതിയാണിത്. ഇവിടെയാണ് അലൻ നിതിൻ ഗോപി എന്ന നാലാം ക്ലാസുകാരൻ മാതൃകയാകുന്നത്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന് ഈ കൊച്ചുമിടുക്കൻ തെളിയിക്കുകയാണ്. സ്കൂൾ ലീഡറായാൽ സ്കൂളിൽ കമ്പ്യൂട്ടര്‍ ലാബ് കൊണ്ടുവരുമെന്നായിരുന്നു അലൻ സഹപാഠികളോട് പറഞ്ഞിരുന്നത്. മത്സരിച്ച് ജയിച്ചപ്പോൾ വാക്കുപാലിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനെ കാണാനെത്തിയിരിക്കുകയാണ് ഈ ഒൻപത് വയസുകാരൻ.
കോഴിക്കോട് വെള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്കൂളിലെ വിദ്യാര്‍ഥിയായ അലൻ നിതിൻ ഗോപി കമ്പ്യൂട്ടര്‍ ചിഹ്നത്തിലാണ് മത്സരിച്ചത്. സ്കൂൾ തെരഞ്ഞെടുപ്പിൽ അലൻ മിന്നുന്ന വിജയമാണ് നേടിയത്. സ്കൂൾ ലീഡറായി ചുമതലയേറ്റപ്പോൾ തന്‍റെ വാഗ്ദാനം അലൻ മറന്നില്ല. സ്കൂളിൽ കമ്പ്യൂട്ടര്‍ ലാബ് കൊണ്ടുവരാനായി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനെ കണ്ട് നിവേദനം നൽകി.
കുട്ടിയുടെ ആവശ്യവും ഉത്തരവാദിത്തബോധവും കണ്ട് മന്ത്രി അലനെ അഭിനന്ദിക്കുകയും സ്കൂളിന്‍റെ വിവരങ്ങൾ വാങ്ങി ഡിപ്പാർട്ട്മെന്‍റ് വഴിയോ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചോ കമ്പ്യൂട്ടർ ലാബ് സൗകര്യം ഉറപ്പാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

0 Comments