മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത നടന്മാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യകാലങ്ങളില്‍ സിനിമാപ്രേമികളെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളില്‍ ഒരാള്‍. സുരാജിന്റെ ചട്ടമ്പിനാടും മായാവിയും കാര്യസ്ഥനും അണ്ണന്‍ തമ്പിയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ 'പേരറിയാത്തവനി'ലെ തന്റെ അഭിനയമികവ് കൊണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം സുരാജ് സ്വന്തമാക്കി.
കോമേഡിയനില്‍ നിന്നുള്ള സുരാജിന്റെ ട്രാക്ക് മാറ്റം അദ്ദേഹത്തെ അന്യഭാഷയിലേക്കും എത്തിച്ചു. ഏറെ രസിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പുറമെ നെഗറ്റിവ് സ്വഭാവമുള്ളതും ഗൗരവമുള്ളതുമായ കഥാപാത്രങ്ങളും സുരാജ് പരീക്ഷിച്ചു. പിന്നീട് അങ്ങോട്ട് ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ഭാസ്‌കരന്‍ പൊതുവാളിനെയും ഡ്രൈവിംഗ് ലൈസന്‍സിലെ കുരുവിള ജോസഫിനെയും ജന ഗണ മനയിലെ സജ്ജന്‍ കുമാറിനെയും നമ്മള്‍ കണ്ടു.
ഇപ്പോള്‍ ഇതാ കോളീവുഡിലും സജീവമായിരിക്കുകയാണ് സുരാജ്. നേരത്തെ വിക്രം നായകനായെത്തിയ വീര ധീര സൂരനിലും കരുണാസ് പ്രധാന കഥാപാത്രമായെത്തിയ യൂത്തിലും സുരാജ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇരുകഥാപാത്രങ്ങളെയും ആരാധകര്‍ ഏറ്റെടുത്തു. നിലവില്‍ രജനികാന്തിന്റെ 'ജയ്ലര്‍ 2' ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കൊടൂര വില്ലനായ 'ദിലീപാ'യാണ് ചിത്രത്തില്‍ സുരാജ് എത്തുന്നത്. 35 സെക്കന്‍ഡ് മാത്രമുള്ള ക്യാരക്ടര്‍ ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം 'ദിലീപ്' ചര്‍ച്ചയായി. ഒപ്പം സുരാജ് അവതരിപ്പിച്ച മലയാള സിനിമയിലെ 'തമിഴ്' കഥാപാത്രങ്ങളും വൈറലായി. ഇതില്‍ കൂടുതല്‍ പേരും ഓര്‍ത്തെടുക്കുന്നത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ സാന്‍വിച്ച് എന്ന സിനിമയിലെ ആണ്ടിപ്പെട്ടി നായ്ക്കറെയാണ്.
ചിത്രം വിജയം കണ്ടില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലും ട്രോള്‍ പേജുകളിലും മീമുകളിലും ആണ്ടിപ്പെട്ടി നായ്ക്കര്‍ ഇടം പിടിച്ചിരുന്നു. തമാശരൂപേണ അവതരിപ്പിച്ച ആണ്ടിപ്പെട്ടി നായ്ക്കര്‍ എന്ന വില്ലനില്‍ നിന്നും ദിലീപില്‍ എത്തിനില്‍ക്കുന്ന സുരാജിന്റെ മുന്നേറ്റത്തിന് ഇന്ന് കൈയടിക്കുകയാണ് പ്രേക്ഷകര്‍.

0 Comments