സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍




 തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖയ്ക്ക് യോഗത്തില്‍ അംഗീകാരം നല്‍കും.

അണികളെ പഴിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം ഉള്‍പ്പെടുത്താതെയാണ് കരട് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പി. ജയരാജന്റെ പരസ്യനിലപാട് വിമര്‍ശനമായി ഉന്നയിക്കാനും സാധ്യതയുണ്ട്.

സിപിഎമ്മില്‍ നേതൃമാറ്റമുണ്ടാകുമെന്നത് പത്രങ്ങളും മാധ്യമങ്ങളും സൃഷ്ടിച്ച അജണ്ടയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി ഇന്നലെ പ്രതികരിച്ചിരുന്നു.

വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. അഖിലേന്ത്യ-സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ കണ്ടെത്തിയ പോരായ്മകള്‍ തിരുത്തും. അതിനുള്ള ഭാവി പ്രവര്‍ത്തന പരിപാടികളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ആവിഷ്‌കരിക്കുകയെന്നും എം.എ ബേബി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന കമ്മിറ്റി യോഗം നടത്തുന്നത് കേന്ദ്ര കമ്മിറ്റി പറഞ്ഞിട്ടല്ല. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടത്തുന്നത് നല്ലതാണോയെന്ന് സംസ്ഥാന നേതൃത്വം, അഖിലേന്ത്യ നേതൃത്വത്തോട് ചോദിച്ചപ്പോള്‍ അത് നല്ലതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിപുലീകൃത സംസ്ഥാന കമ്മിറ്റി നടത്തുന്നത്.

അതില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇത് സംസ്ഥാന കമ്മിറ്റിക്ക് ശേഷം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ചയാകും. കേന്ദ്ര നേതൃത്വം കൊടുത്ത റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയല്ല മറിച്ച്, ഇതുവരെയുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എന്ത് പ്രവര്‍ത്തന പദ്ധതികളാണ് കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്നതെന്നാണ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തുക.

തുടര്‍ന്ന് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. ആ റിപ്പോര്‍ട്ടാണ് കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നും എം.എ ബേബി പറഞ്ഞിരുന്നു.

Post a Comment

0 Comments