സ്വതന്ത്ര ഭരദ്വാജിനെതിരെ കൂടുതൽ വകുപ്പുകൾ; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു

 




ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി സമരത്തിനിടെ ദലിത് വിദ്യാർത്ഥിനിയുടെ പിതാവിനെ മർദ്ദിച്ച കേസിൽ പ്രതിയായ സംഘ്പരിവാർ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെതിരെ പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തു. ഓൺലൈൻ വഴിയുള്ള ഭീഷണികളും ഉപദ്രവങ്ങളും ചൂണ്ടിക്കാട്ടി നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌സി/എസ്ടി ആക്ട് , സ്ത്രീത്വത്തെ അപമാനിക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. പൊലീസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഭിഭാഷകനായ ശിവാംശ് അഗർവാൾ പൊലീസ് സ്റ്റേഷനിൽ തുടരുന്നുണ്ടെന്ന് സിജെപി അറിയിച്ചു

ദലിത് വിദ്യാർഥിയുടെ പിതാവിനെ മർദിച്ചെന്ന കേസിൽ സംഘ്പരിവാർ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ദലിത് വിദ്യാർഥിനി നിഷു ആസാദിന്റെ പിതാവ് സഞ്ജയിയെ മർദിച്ചെന്നാണ് സ്വതന്ത്ര ഭരദ്വാജിനെതിരായ ആദ്യ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ തന്നെ മർദിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോയും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. സിജെപി പ്രവർത്തകരും നേതാക്കളും അഭിഭാഷകരും ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്താൻ പൊലീസ് തയ്യാറായതെന്നാണ് അവകാശവാദം.

ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്ന് സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് പിടികൂടിയത്. മോട്ടോർസൈക്കിളിൽ വീട്ടിൽനിന്ന് പുറപ്പെട്ടപ്പോഴാണ് ഇയാളെ വഴിയിൽവച്ച് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ഡൽഹിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.

Post a Comment

0 Comments