തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌പോർട്‌സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന. 'ഓപ്പറേഷൻ കളിക്കളം' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിശോധന തിരുവനന്തപുരത്തെ സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്തും സംസ്ഥാനത്തെ 14 ജില്ലാ ഓഫീസുകളിലും ഒരേസമയമാണ് നടക്കുന്നത്.
സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനങ്ങളിലും ഫണ്ട് വിനിയോഗത്തിലും കായിക ഉപകരണങ്ങൾ വാങ്ങിയതിലും വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് വിജിലൻസിന്റെ ഈ നടപടി.
സ്‌പോർട്‌സ് കൗൺസിൽ വഴി കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നൽകിയ ജെഴ്‌സി, ഷൂ ഉൾപ്പെടെയുള്ള സ്‌പോർട്‌സ് കിറ്റുകൾ വാങ്ങിയതിൽ വലിയ രീതിയിലുള്ള ക്രമക്കേടും അഴിമതിയും നടന്നെന്നാണ് ആരോപണം. കുറഞ്ഞ തുകയ്ക്ക് നിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങി നൽകിയ ശേഷം ഉയർന്ന തുക കണക്കിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പരാതികളിൽ പറയുന്നു.
സ്‌പോർട്‌സ് കൗൺസിലിൽ നടന്ന വിവിധ നിയമനങ്ങളിലെ അഴിമതിയെക്കുറിച്ചും വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ സാമ്പത്തിക ഇടപാടുകൾ, സ്‌പോൺസർഷിപ്പ് ബോർഡുകൾ, വിവിധ പദ്ധതികൾക്കായി ലഭിച്ച തുകയുടെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
സ്‌പോർട്‌സ് കൗൺസിൽ ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കായിക ഹോസ്റ്റലുകളിലും വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, ഇപ്പോൾ ലഭിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ വിശദമായ തുടർ അന്വേഷണത്തിലേക്ക് കടക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
0 Comments