മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതിൽ വിജിലൻസ് അന്വേഷണം വേണം: വി.ശിവൻകുട്ടി





തിരുവനന്തപുരം: മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജില്ലയിലെ എയ്ഡഡ് സ്‌കൂളുകൾക്ക് അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചതിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ അധ്യാപക നിയമന കോഴ നടക്കുന്നതായി ആരോപണമുണ്ട്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള അഴിമതിയാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നും അത് പൂർത്തിയാകുന്നതുവരെ ആരോപണവിധേയമായ 48 ബാച്ചുകളിലെ അധ്യാപക നിയമനങ്ങൾ മരവിപ്പിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

മലപ്പുറത്തെ 46 എയ്ഡഡ് സ്‌കൂളുകളിലായി അനുവദിച്ച 48 പുതിയ ബാച്ചുകളിലെ അധ്യാപക നിയമനത്തിനായി ഒരു തസ്തികയ്ക്ക് വൻ തുക കോഴയായി വാങ്ങുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ബാച്ചിൽ ചുരുങ്ങിയത് നാല് അധ്യാപക നിയമനങ്ങൾ വീതം നടക്കുമ്പോൾ കോടികളുടെ അഴിമതി പണമാണ് ഇതിലൂടെ കൈമറിയുന്നത്. ചില രാഷ്ട്രീയ നേതൃത്വങ്ങൾ മാനേജ്മെന്റുകളുമായി ചേർന്ന് 50:50 അനുപാതത്തിൽ പങ്കിട്ടെടുത്ത് നേരിട്ട് കോഴ വാങ്ങി നിയമനം ഉറപ്പിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിദ്യാർഥികളുടെ പഠനാവശ്യത്തെയും സീറ്റ് ക്ഷാമത്തെയും കച്ചവടച്ചരക്കാക്കി മാറ്റുന്ന ഇത്തരം നടപടികൾ വിദ്യാഭ്യാസ പാരമ്പര്യത്തിന് അപമാനമാണ്.

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ബാച്ചുകൾ യുക്തിസഹമായി പുനഃക്രമീകരിക്കാതെയാണ് എയ്ഡഡ് മേഖലയ്ക്ക് പുതിയ ബാച്ചുകൾ വാരിക്കോരി നൽകിയതെന്ന ആക്ഷേപവും ശക്തമാണ്. 2025-26 അധ്യയന വർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 85 സർക്കാർ സ്‌കൂളുകളിലായി 117 ബാച്ചുകളിൽ 25-ൽ താഴെ മാത്രമാണ് കുട്ടികൾ പ്രവേശനം നേടിയത്. ഒരു കുട്ടി പോലും പ്രവേശനം നേടാത്ത ബാച്ചുകൾ വരെ നിലനിൽക്കെ, അത്തരം ബാച്ചുകൾ ആവശ്യമുള്ള മലപ്പുറം പോലുള്ള പ്രദേശങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറായില്ല.

സർക്കാർ സ്‌കൂളുകളിലെ ഇത്തരം അൺ ഇക്കണോമിക് ബാച്ചുകൾ നിലനിർത്താൻ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പാഴാക്കുമ്പോഴാണ്, എയ്ഡഡ് സ്‌കൂളുകളിലെ ബാച്ചുകൾ കോഴക്കച്ചവടത്തിനായി വിട്ടുകൊടുക്കുന്നതെന്നും ആരോപണമുണ്ട്. കുട്ടികൾ കുറവുള്ള സർക്കാർ സ്‌കൂളുകളിലെ ബാച്ചുകൾ പുനർവിന്യസിച്ച് പൊതുഖജനാവിലെ പണം സംരക്ഷിക്കണമെന്നും, അർഹരായ ഉദ്യോഗാർഥികൾക്ക് സുതാര്യമായി ജോലി ലഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

Post a Comment

0 Comments