മൂന്ന് കമ്പനികളെ ഹാക്ക് ചെയ്ത് ഗൂഗിൾ 'ജെമിനി'; പാസ്‌വേർഡ് കണ്ടെത്തി വിവരങ്ങൾ ചോർത്തി; ടെക് ലോകത്ത് ആശങ്ക

 



ഡൽഹി: സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലായ 'ജെമിനി' (Gemini) മൂന്ന് യഥാർഥ കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങൾ ഹാക്ക് ചെയ്തതായി ഗൂഗിൾ സ്ഥിരീകരിച്ചു. സ്വതന്ത്ര സൈബർ സുരക്ഷാ സ്ഥാപനമായ 'ഇറഗുലർ' (Irregular) കഴിഞ്ഞ മേയ് മാസത്തിൽ നടത്തിയ പരീക്ഷണത്തിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്.

നിയന്ത്രിത അന്തരീക്ഷത്തിൽ വ്യാജ കമ്പനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഒരു വ്യാജ കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ നിന്ന് ഡാറ്റ ശേഖരിക്കാൻ ജെമിനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരീക്ഷണ ഘട്ടത്തിൽ ജെമിനിക്ക് അവിചാരിതമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായി. തുടർന്ന് ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയ ജെമിനി, അതേ പേരിലുള്ള യഥാർഥ കമ്പനിയുടെ സോഫ്റ്റ്‌വെയറിന്റെ പാസ്‌വേർഡ് ഊഹിച്ചെടുത്ത് വിവരങ്ങൾ ചോർത്തുകയായിരുന്നു. ഇതോടൊപ്പം പരസ്യമായി ലഭ്യമായിരുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് മറ്റ് രണ്ട് യഥാർഥ കമ്പനികളുടെ നെറ്റ്‌വർക്കുകളിലും ജെമിനി പ്രവേശിച്ചു.

എന്നാൽ, ഇവ മൂന്നും യഥാർഥ കമ്പനികളാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ ജെമിനി ഹാക്കിങ് നടപടികൾ സ്വയം അവസാനിപ്പിച്ചു. ഹാക്കിങ്ങിനിരയായ മൂന്ന് കമ്പനികളെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഗൂഗിളിന്റെ സെക്യൂരിറ്റി എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹീഥർ അഡ്കിൻസ് വ്യക്തമാക്കി.

എഐ സിസ്റ്റങ്ങൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും കൂടുതൽ സ്വയംഭരണാധികാരവും നൽകുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാകുമെന്ന ആശങ്ക ടെക് ലോകത്ത് ശക്തമായിട്ടുണ്ട്. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്നും കർശനമായ മേൽനോട്ട നിയമങ്ങൾ നടപ്പിലാക്കണമെന്നും പ്രമുഖ എഐ ഗവേഷകരും കമ്പനി മേധാവികളും ആവശ്യപ്പെടുന്നു.

Post a Comment

0 Comments