തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥികൾക്കെതിരായ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടി വരുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ജനാധിപത്യ സമരത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമം ബോധപൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പൊലീസ് ക്രൂരമായി മർദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള വിദ്യാർത്ഥി സമരങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ് കോൺഗ്രസ് നേതൃത്വം. ഡൽഹി പൊലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന കോൺഗ്രസ്, സംസ്ഥാന ഭരണം കയ്യാളുന്ന കേരളത്തിൽ മോദി സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായി മാറുകയാണ്. ധാരാളം പെൺകുട്ടികൾ പങ്കെടുക്കുന്ന സമരമായിട്ടും വനിതാ പൊലീസിനെ നിയോഗിക്കുന്നില്ല. നെയിംബോർഡ് ധരിക്കാതെ എത്തുന്ന പുരുഷ പോലീസുകാരാണ് പ്രകോപനവും അക്രമവും ഉണ്ടാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഗൺമാൻമാർ എന്ന വ്യാജേന പേരില്ലാതെ എത്തുന്നവർ മനഃപൂർവം സംഘർഷം ഉണ്ടാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ വേഷം മാറിയെത്തി വിദ്യാർത്ഥികളെ ആക്രമിച്ച അതേ രീതിയാണ് ഇവിടെയും നടപ്പാക്കുന്നത്.
നേരത്തെ, ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും യുഡിഎഫ് സർക്കാർ വലിയ ആവേശമാണ് കാണിച്ചത്. ആ കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടും, അതിന് ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാർ അഭിഭാഷകർക്ക് നൽകാൻ കേരളത്തിലെ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും വിദ്യാർത്ഥികൾക്കെതിരായ കേസുകൾ എഴുതിത്തള്ളുമ്പോൾ, ഇവിടെ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് യുഡിഎഫ് സർക്കാർ കാണിക്കുന്നത്.
സർക്കാരിന്റെ ഈ സംഘപരിവാർ ദാസ്യവേലയ്ക്കെതിരെ ഉയരുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന പൊലീസ് നടപടികൾക്കെതിരെ ശക്തമായ ജനരോഷം ഉയർന്നുവരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും.'

0 Comments