തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച 588 പദ്ധതികളിൽ 568 എണ്ണം പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചതായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകളിലായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ്, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികൾ അവലോകനം ചെയ്തു.
‘ജനസ്പർശം’ ഫയൽ അദാലത്ത് ഒക്ടോബർ 15ന്
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് നടപ്പാക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത് നടത്താൻ ഉദ്ദേശിക്കുന്നത്. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
നിലവിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പഠിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫയൽ നീക്കത്തിൽ പുതിയ രീതി
ഒരേ വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് ആവർത്തിച്ച് കൈമാറുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. നയപരമായ തീരുമാനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽത്തന്നെ വേഗത്തിൽ തീരുമാനമെടുക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ട്.വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് തടസ്സങ്ങൾ പരിഹരിക്കും.
നിക്ഷേപ പദ്ധതികൾ നിരീക്ഷിക്കാൻ ഡാഷ്ബോർഡ്
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തും. പദ്ധതികൾ നടപ്പാക്കുന്നതിലെ തടസ്സങ്ങളും കാലതാമസവും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിൽനിന്ന് നേരിട്ട് നിരീക്ഷിക്കാനാകും. ഡാറ്റ അധിഷ്ഠിത ഭരണനിർവഹണം ശക്തിപ്പെടുത്തുകയും നിക്ഷേപ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

0 Comments