കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റേയും മരിച്ച ജയബാലകൃഷണന്റെ കുടുംബത്തിന്റേയും ഹരജികൾ പരിഗണിക്കുന്നത് മാറ്റി. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളത്തെ സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക കോടതിയുടേതാണ് ഹരജികൾ പരിഗണിക്കുന്നത്. ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. മനപ്പൂർവമുള്ള നരഹത്യാ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു നടപടി.
സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് പ്രതിക്ക് ജാമ്യം നൽകിയത് അന്വേഷണം ദുർഘടമാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡ്രൈവിങ് പഠിക്കാൻ അനുമതിയില്ലാത്ത 17കാരൻ എങ്ങനെയാണ് 102 കിലോമീറ്റർ വേഗതയിൽ കാറോടിച്ചതെന്നും പ്രോസിക്യൂഷൻ ചോദിച്ചു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് മാധ്യമശ്രദ്ധ വന്നതിന് ശേഷം മാത്രമാണെന്നും ഇത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദിക്കുകയുണ്ടായി.
പ്രതി സ്ഥിരമായി സമാനമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നയാളാണെന്നാണ് അന്വേഷണത്തിൽ അറിയാനായത്, ഇതുവരെ അന്വേഷണങ്ങളൊന്നും ഉണ്ടായില്ലെന്ന് മാത്രം. ഇത്തരം കുറ്റകൃത്യങ്ങളുടെ നിരവധി ദൃശ്യങ്ങൾ പ്രതിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് അറിയാമായിരുന്നിട്ടും ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവത്തിൽ പ്രതിയുടെ കുടുംബത്തിന് കോടതി നോട്ടീസ് അയച്ചു.

0 Comments