വ്യാപാരികൾക്ക് ആശ്വാസം: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു





ദില്ലി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് വ്യാപാരി കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു. പുതുക്കി തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അറിയിച്ചു. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു.

അതേസമയം ദീപാവലിക്ക് ശേഷം നിരക്ക് ഏർപ്പെടുത്താനാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷന്‍റെ തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം രാജ്യത്ത് ഉത്സവകാലമാണ്. ഈ കാലയളവിൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ സാധാരണയായി ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം. അല്ലെങ്കിൽ ഫീസ് ബാധകമാകുന്ന പരിധി 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.


Post a Comment

0 Comments