ദില്ലി: രാജ്യത്തെ വിവിഐപികള്‍ക്കായി അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ വ്യോമസേന. 24 പുതിയ 'സ്പെഷ്യല്‍ യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍' വാങ്ങാന്‍ ആണ് ഇന്ത്യന്‍ വ്യോമസേന ആലോചിക്കുന്നത്. ഏകദേശം പതിനായിരം കോടി രൂപയാണ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഉള്ള ചെലവ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം പദ്ധതിക്ക് അനുമതി നല്കി. നിലവില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത എംഐ - 17 ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് ഇവ വാങ്ങുന്നത്.
പരിഗണനയില്‍ എയര്‍ബസ്, ലോക്ക്ഹീഡ് മാര്ട്ടിന്
പദ്ധതിക്കായി പ്രധാനമായും പരിഗണിക്കുന്ന കമ്പനികള്‍ എയര്‍ബസിന്റെ എച്ച്-725 , യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് എന്നിവയാണെന്നാണ് സൂചന. എയര്‍ബസ് ഹെലികോപ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ഒരു ദീര്‍ഘദൂര, ഇരട്ട എഞ്ചിന് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് ഹെലികോപ്റ്ററാണ് എയര്‍ബസ് എച്ച് - 725. 30 ഓളം പേരെ വഹിക്കാന്‍ ശേഷിയുള്ള ഇവയ്ക്ക് മണിക്കൂറില്‍ പരമാവധി 324 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ലോക്ക്ഹീഡ് മാര്ട്ടിന് തങ്ങളുടെ കീഴിലുള്ള സിക്കോര്‍സ്കി എന്ന പ്രശസ്ത ഹെലികോപ്റ്റര്‍ കമ്പനി വഴിയാണ് അത്യാധുനിക ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്.
ലോകമെമ്പാടുമുള്ള സൈനിക ആവശ്യങ്ങള്‍ക്കും വിവിഐപി യാത്രകള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ ഹെലികോപ്റ്ററുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രയ്ക്കുള്ള പ്രത്യേക ആവശ്യകതകള്‍ കണക്കിലെടുത്താണ് പുതിയ ഹെലികോപ്റ്ററുകളുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്

0 Comments