ന്യൂഡല്‍ഹി: രാജ്യത്തെ വോട്ട് കൊള്ളയുടെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയര്‍ത്തവേ, ഗ്യാനേഷ് കുമാറിന് പിന്തുണയുമായി 42 മുന്‍ ജഡ്ജിമാരുടെ തുറന്ന കത്ത്. ഗ്യാനേഷ് കുമാറിനെ പാവയെന്നും കള്ളനെന്നും ഒത്തുതീര്‍പ്പുകാരനെന്നും വിളിക്കുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണെന്ന് മുന്‍ ജഡ്ജിമാര്‍ തുറന്ന കത്തില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഉന്നത നീതിന്യായ വ്യവസ്ഥ, മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു. 'വോട്ട് കൊള്ള' ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവയ്ക്ക് തെളിവുകള്‍ നല്‍കണമെന്നും മാധ്യമങ്ങളിലൂടെയോ വാര്‍ത്താസമ്മേളനങ്ങളിലൂടെയോ മാത്രം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും മുന്‍ ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തെയും (എസ്‌ഐആര്‍) കത്തില്‍ മുന്‍ ജഡ്ജിമാര്‍ പിന്തുണച്ചു. മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്ത് യഥാര്‍ഥ വോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഭരണഘടനാ സ്ഥാപനങ്ങളിലും വിശ്വാസം നിലനിര്‍ത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളോടും മാധ്യമങ്ങളോടും പൗരന്മാരോടും അവര്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നില്ലെന്നും മുന്‍ ജഡ്ജിമാരും ഭരണഘടനാ സ്ഥാപനങ്ങളിലെ മുന്‍ ഉദ്യോഗസ്ഥരുമെന്ന നിലയിലാണ് പ്രതികരിക്കുന്നതെന്നും കത്തില്‍ ഒപ്പുവെച്ചവര്‍ അവകാശപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്നത് ഒരു ജനാധിപത്യ അവകാശമാണ്. എന്നാല്‍, അധിക്ഷേപിക്കുന്നത് അങ്ങനെയല്ലെന്നും ഇവർ പറയുന്നു.
കത്തില്‍ ഒപ്പുവെച്ചവരില്‍ സുപ്രിംകോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തല്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എന്‍ ധിംഗ്ര, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.സി പട്ടേല്‍, കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുഭ്രോ കമല്‍ മുഖര്‍ജി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധം തുടരുകയാണ്. എസ്‌ഐആര്‍ നടപടിയിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തിലും ക്രമക്കേടുകള്‍ ആരോപിച്ച് വിവിധ ഹരജികള്‍ സുപ്രിംകോടതിയിലും ഹൈക്കോടതികളിലും എത്തിയിട്ടുണ്ട്.
0 Comments