പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ ഉപയോഗിച്ച് ജീവനക്കാര്‍ 7 ലക്ഷം തട്ടി

 



കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്. ജീവനക്കാർ 7 ലക്ഷം തട്ടി. സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കേസിൽ 6 പ്രതികളുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കര്‍,മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ എന്നിവരാണ് പ്രതികൾ. ഇതിൽ ഒന്നാം പ്രതിയായ ബിപിൻ രാജ്പുത്തിനെ പന്തിരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സെപ്തംബര്‍ 2 മുതൽ ഒക്ടോബര്‍ 5 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. എസ്ഐ എൻ. രാജ്‍കുമാറിനാണ് അനേഷണച്ചുമതല.

ഒളവണ്ണ ടോൾ പ്ലാസയിലെ ടോൾ പിരിവ് പണം ഒന്നാം പ്രതിയുടെ നിർദേശപ്രകാരം ക്യൂആര്‍ സ്കാനർ വഴി സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി കമ്പനിക്ക് ഏഴ് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു. അമിത് കുമാർ ശർമ എന്നയാളാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം നിലയിലുള്ള ക്യുആർ കോഡ് സ്കാനർ കാണിച്ചു കൊടുക്കുകയും, അതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. ടോൾ പ്ലാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള ഈ തട്ടിപ്പ് പുറത്തുവന്നതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.


Post a Comment

0 Comments