ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്‍കാർട്ടും; 8,000 ജീവനക്കാരെ ഉൾപ്പെടുത്തി പരീക്ഷണം, ഉടൻ സേവനം ആരംഭിച്ചേക്കും

 


ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‍കാർട്ട്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയാകുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ പരീക്ഷണം കമ്പനി ഇതിനകം ആരംഭിച്ചതായാണ് വിവരം.

'ഈറ്റ്- ഇൻ ബൈ മിനിറ്റ്സ്' പരീക്ഷണ ഘട്ടത്തിൽ

'ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്' എന്ന പേരിലാണ് ഫ്ലിപ്‍കാർട്ട് പുതിയ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കുന്നത് എന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട് ഉദ്ദരിച്ച് ഇന്ത്യാ ടുഡേ ടെക്ക് റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിലാണ് ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. ഫ്ലിപ്‍കാർട്ടിന്റെ അതിവേഗ സാധന വിതരണ സേവനമായ ' ഫ്ലിപ്‍കാർട്ട് മിനിറ്റ്സി'നോട് ബന്ധപ്പെടുത്തിയാണ് പുതിയ സേവനത്തിന് ഈ പേര് നൽകിയിരിക്കുന്നതെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സേവനം ആരംഭിച്ചേക്കാമെങ്കിലും ആദ്യഘട്ടത്തിൽ ഏതെല്ലാം നഗരങ്ങളിൽ ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇതുസംബന്ധിച്ച് ഫ്ലിപ്‍കാർട്ടിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഈ വർഷം ജൂലൈയിൽ കമ്പനി ഭക്ഷണ വിതരണ സേവനം ആരംഭിക്കാൻ പദ്ധതിയിടുന്നതായി ഫ്ലിപ്‍കാർട്ട് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കല്യാൺ കൃഷ്‍ണമൂർത്തി സ്ഥിരീകരിച്ചിരുന്നു.

8,000 ജീവനക്കാർക്ക് പരീക്ഷണ സേവനം

നിലവിൽ കമ്പനി ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ പരീക്ഷണമാണ് നടക്കുന്നത്. തുടക്കത്തിൽ ഏതാനും നൂറ് ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്ന പരീക്ഷണം ഇപ്പോൾ ഏകദേശം 8,000 ജീവനക്കാരിലേക്ക് വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. ഫ്ലിപ്‍കാർട്ടിന്റെ ഷോപ്പിങ് ആപ്പിൽ പുതിയ സേവനത്തിനായി പ്രത്യേക ടാബ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്‍കാർട്ട് മിനിറ്റ്സ്, യാത്രാ ബുക്കിങ് തുടങ്ങിയ സേവനങ്ങൾക്കൊപ്പമായിരിക്കും ഭക്ഷണ വിതരണ വിഭാഗവും ലഭ്യമാകുക.

ഭക്ഷണം എത്തിക്കാൻ ഇകാർട്ടിന്റെ സേവനം

സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വഴി പട്ടികപ്പെടുത്തിയിരിക്കുന്ന ഭക്ഷണശാലകൾക്കും ഫ്ലിപ്‍കാർട്ടുമായി നേരിട്ട് കരാറിലേർപ്പെട്ട റെസ്റ്റോറന്റുകൾക്കും പുതിയ സേവനത്തിൽ ഇടം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഫ്ലിപ്‍കാർട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇകാർട്ടിന്റെ പ്രത്യേക വിതരണ ശൃംഖല ഉപയോഗിക്കുമെന്നാണ് വിവരം. അതിവേഗ സാധന വിതരണത്തിനായി പ്രവർത്തിക്കുന്ന ജീവനക്കാരിൽനിന്ന് വ്യത്യസ്‍തരായിരിക്കും ഭക്ഷണ വിതരണത്തിനുള്ള ജീവനക്കാർ. ബെംഗളൂരുവിൽ 'ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്' എന്ന പേരുള്ള ടീ ഷർട്ടുകൾ ധരിച്ച വിതരണ ജീവനക്കാരെ കണ്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Post a Comment

0 Comments