തിരുവനന്തപുരം:യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് നടത്തിയ പരസ്യപ്രസ്താവനയിൽ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി. നീക്കം തികച്ചും അനവസരത്തിലുള്ളതാണെന്നും രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നതാണെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. എം.കെ മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി നൽകുന്ന കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ വെച്ചുതന്നെ മുൻകൂട്ടി ധാരണയായതാണെന്നും നേതാക്കൾ ഓർമിപ്പിച്ചു.
കോൺഗ്രസിനുള്ളിലെ ചേരിപ്പോരിലേക്ക് മുസ്‌ലിം ലീഗിനെ അനാവശ്യമായി വലിച്ചിഴച്ചതിലാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന് പ്രധാനമായും പരാതിയുള്ളത്. മുനീറിന് ക്യാബിനറ്റ് പദവി നൽകുന്നത് സംബന്ധിച്ച് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുമായി മുമ്പുതന്നെ ആശയവിനിമയം നടത്തുകയും അന്തിമ തീരുമാനത്തിലെത്തുകയും ചെയ്തതാണ്. എന്നിട്ടും മുനീറിന്റെ പദവിയുടെ മറപിടിച്ച് കോൺഗ്രസിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത് ലീഗിന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിൽ കൺവീനർ തലത്തിലുള്ള നേതാവ് പരസ്യപ്രസ്താവന നടത്തിയത് തിരിച്ചടിയായെന്നും പാർട്ടിക്കുള്ളിലെ ഭിന്നത ശമിച്ചില്ലെങ്കിൽ മുന്നണിക്ക് ഭരണം കിട്ടിയാലും മുന്നോട്ടുപോക്ക് സുഗമമാകില്ലെന്ന വിലയിരുത്തലും ലീഗിനുണ്ട്.

0 Comments