ഫ്രാന്‍സിലെ കലാപത്തിന് കാരണം കുടിയേറ്റക്കാര്‍; വിവാദ പരാമര്‍ശവുമായി ഡോണള്‍ഡ് ട്രംപ്



പാരീസ്: ഫ്രാന്‍സിലെ കലാപത്തില്‍ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരെന്നാണ് ട്രംപിന്റെ പരാമര്‍ശം. വെറുപ്പുമായി വന്നവര്‍ കലാപം നടത്തുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മഹത്തായ രാജ്യം തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. ഫ്രാന്‍സ് കത്തുകയാണ്. എത്രയും പെട്ടെന്ന് അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സര്‍ക്കാരിനോട് ട്രംപ് ആഹ്വാനം ചെയ്തു.

ശനിയാഴ്ച ഫ്രാന്‍സിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 150-ലധികം പൊലീസുകാര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.

പാരീസില്‍ കടകള്‍ കൊള്ളയടിക്കപ്പെട്ടു. ലിമോജസിലെ സിറ്റി ഹാള്‍ തീപിടിത്തത്തില്‍ ഭൂരിഭാഗവും തകര്‍ന്നു. മാര്‍സെയില്‍ പ്രതിഷേധക്കാര്‍ നഗരസഭാ മന്ദിരത്തില്‍ അതിക്രമിച്ചു കയറി. നിരവധി നഗരങ്ങളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

മാര്‍ച്ച് മാസത്തില്‍ പാരീസിലെ ചില നഗരങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യവ്യാപകമായത്. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയത്.

Post a Comment

0 Comments