'കായികമേളയിലെ ഭക്ഷണത്തിൽ പുഴു'; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

 



കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിലുള്ളത്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്

Post a Comment

0 Comments