ന്യൂഡല്ഹി: ദേശീയപതാകയേന്തി ജന്തര് മന്തറില് എത്തിയവര് അക്രമം നടത്തിയിട്ടില്ലെന്ന് നടന് പ്രകാശ് രാജ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമയം ചെയ്യുന്നവരെ കേന്ദ്ര സര്ക്കാര് എന്തിനാണ് മര്ദിക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു. ഡല്ഹിയിലെ വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് വേഷത്തില് സമരക്കാരെ മര്ദിച്ചവര്ക്കെതിരെ നടപടിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന് ശ്രമിക്കുകയാണ്. ഡല്ഹിയിലെ പ്രതിഷേധത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കസേരകളാണ് ഇളകിയത്.
കര്ഷക സമരത്തിന് മുന്നില് മുട്ടുമടക്കിയത് പോലെ ഈ സമരത്തിന് മുന്നിലും കേന്ദ്രം തോല്ക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസാരിക്കുമ്പോള് എന്തിനാണ് അമിത് ഷായും ബിജെപിയും മറുപടി നല്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്ത്തി.
വോട്ടര് പട്ടികയിലെ തീവ്രപരിഷ്കരണം (എസ്ഐആര്) റദ്ദാക്കണമെന്നും എസ്ഐആര് റദ്ദാക്കാതെ ഇനി തെരഞ്ഞെടുപ്പ് നടത്താന് അനുവദിക്കില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇടത്-കര്ഷക നേതാക്കള്ക്കൊപ്പമാണ് പ്രകാശ് രാജിന്റെ വാര്ത്താ സമ്മേളനം.
വോട്ട് ചോരി പ്രക്ഷോഭത്തിനായി സമരസംഘടനകള് ചേര്ന്ന് 'People Against SIR' എന്ന കൂട്ടായ്മയും രൂപികരിച്ചു. സിജെപി, എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ, എസ്ഐഒ, ഫ്രട്ടേണിറ്റി തുടങ്ങി സമരരംഗത്തുള്ള സംഘടനകളാണ് കൂടായ്മക്ക് രൂപം നല്കിയത്.
എസ്ഐആറിനും ജന്തര് മന്തര് തിരിച്ചുപിടിക്കാനുമുള്ള സമരം തുടരുമെന്നും നേതാക്കള് അറിയിച്ചു. ജന്തര് മന്തറിലെ മിന്നല് പ്രതിഷേധത്തെ തുടര്ന്ന് അറസ്റ്റിലായ സിജിപി വക്താക്കളായ സൗരവ് ദാസിനെയും അശുതോശ് റാങ്കയെയും മോചിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഒക്ടോബര് 23ന് എസ്ഐആറിനെതിരെ കര്ഷകസമരം ഉണ്ടാകുമെന്നും നേതാക്കള് മുന്നറിയിപ്പ് നല്കി.

0 Comments